കേരളത്തിലുള്ളവരെ ഒരുപാട് സ്നേഹിക്കുന്നു, ക്ലബിനൊപ്പം നിരവധി വർഷങ്ങൾ തുടരാൻ ആഗ്രഹമെന്ന് അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിനോടും അതിന്റെ ആരാധകരോടും കേരളത്തിലെ ജനങ്ങളോടുമെല്ലാമുള്ള സ്നേഹം വെളിപ്പെടുത്തി ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ. തുടർച്ചയായ നാലാമത്തെ സീസണാണ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ലൂണ കളിക്കുന്നത്.

ആരാധകരുടെ മനസ് കവർന്ന നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്നെങ്കിലും അതിൽ മുന്നിലുണ്ടാവുക ലൂണ തന്നെയാണ്. ഇത്രയും കാലം മറ്റൊരു വിദേശതാരവും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ചിലവഴിച്ചിട്ടില്ല.

നിരവധി വമ്പൻ ക്ലബുകളുടെ മികച്ച ഓഫർ വേണ്ടെന്നു വെച്ചാണ് ലൂണ ടീമിനൊപ്പം തുടരുന്നത്. മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നിവരെല്ലാം അതിലുൾപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആരാധകരോടുള്ള സ്നേഹത്തെക്കുറിച്ച് ലൂണ പറഞ്ഞു.

“ഞാനിവിടെ വന്നത് മുതൽ എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവും നൽകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് എനിക്കും സ്നേഹമുണ്ട്. അവർ നൽകുന്ന സ്നേഹത്തിനു പകരം ഞാൻ കളിക്കളത്തിൽ നൽകാൻ ശ്രമിക്കുന്നു. ഇവിടെ ഒരുപാട് കാലം തുടരണമെന്നാണ് ആഗ്രഹം.” ലൂണ പറഞ്ഞു.

ഈ സീസണിൽ അഡ്രിയാൻ ലൂണ അത്ര മികച്ച ഫോമിൽ അല്ലായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. കഴിഞ്ഞ സീസണിലുണ്ടായ പരിക്കിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും താരം പൂർണമായും കരകയറിയെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.