“ഞാനാണോ മറ്റുള്ളവരാണോ ഗോൾ നേടുന്നതെന്ന് ശ്രദ്ധിക്കാറില്ല, ടീമിന്റെ വിജയമാണ് പ്രധാനം”- ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പർഹീറോ പറയുന്നു | Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ നേടിയ ഗോൾ ആർക്കും മറക്കാൻ കഴിയില്ല. മധ്യനിരയിൽ നിന്നും ആരംഭിച്ച് മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പന്തു കൈമാറി തിരിച്ചു വാങ്ങിച്ച് ലൂണ നേടിയ ഗോൾ ഈ സീസണിൽ പിറന്ന ടീം ഗോളുകളിൽ ഏറ്റവും മികച്ചതായിരുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുവരെ എവിടേക്ക് വേണമെങ്കിലും തിരിയാമായിരുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചത് ആ ഗോളാണ്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

അഡ്രിയാൻ ലൂണയെ സംബന്ധിച്ച് ആറു മത്സരങ്ങൾക്കപ്പുറം താരം നേടുന്ന ആദ്യത്തെ ഗോൾ കൂടിയായിരുന്നു ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ പിറന്നത്. ഇതിനു മുൻപ് നവംബർ പതിമൂന്നിനു എഫ്‌സി ഗോവക്കെതിരെയാണ് താരം അവസാനമായി ഗോൾ നേടുന്നത്. അതിനു മുൻപ് ഈസ്റ്റ് ബംഗാളുമായി നടന്ന ആദ്യത്തെ മത്സരത്തിലും ലൂണ ഗോൾ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ അഞ്ചു ഗോളുകളും ഏഴ് അസിസ്റ്റുകളും ബ്ലാസ്റ്റേഴ്‌സിനായി നേടിയ താരം ഈ സീസണിലിതു വരെ മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

അഞ്ചു മത്സരങ്ങൾക്ക് ശേഷം നേടിയ ഗോൾ നേടിയതിൽ സന്തോഷമുണ്ടോയെന്നും ഇനിയുള്ള മത്സരങ്ങളിലും ഇതുപോലെ ഗോൾ നേട്ടം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടോ എന്നും മത്സരത്തിനു ശേഷം മാധ്യമങ്ങൾ താരത്തോട് ചോദിച്ചിരുന്നു. അതിനു താരം നൽകിയ മറുപടി ഗോളുകൾ നേടുന്നതിനേക്കാൾ ടീം വിജയം നേടുന്നതിൽ മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നായിരുന്നു. താനാണോ മറ്റുള്ളവരാണോ ഗോളുകൾ നേടുന്നത് എന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്നും ടീമിന്റെ മുന്നോട്ടുപോക്കിനാണ് പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായി നിന്ന പല താരങ്ങളും കൂടുതൽ മികച്ച ഓഫറുകൾ ലഭിച്ചപ്പോൾ മറ്റു ക്ലബുകളിലേക്ക് ചേക്കേറിയെങ്കിലും ലൂണ കൊമ്പന്മാർക്കൊപ്പം തന്നെ തുടർന്നു. അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ താരത്തിന് വലിയൊരു സ്ഥാനവുമുണ്ട്. തന്നെ ആരാധകർ വളരെയധികം സ്നേഹിക്കുന്നതിനു രണ്ടു സീസണുകളായി കളിക്കളത്തിലെ പ്രകടനം കൊണ്ട് താരം തിരിച്ചു നൽകുകയും ചെയ്യുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അടുത്ത മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും ലൂണ പറഞ്ഞു. അടുത്ത മത്സരത്തിൽ ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മുംബൈ സിറ്റിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. അതിൽ വിജയിച്ചാൽ അവരുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാം എന്നതിനൊപ്പം പോയിന്റ് നിലയിൽ മുന്നിലെത്താൻ അവസരമുണ്ടാവുകയും ചെയ്യും.