കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്ന പണി ചെറുതല്ല, ട്രാൻസ്‌ഫർ നീക്കങ്ങളെ വരെ ബാധിക്കും | Kerala Blasters

ബെംഗളൂരുവിനെതിരായ മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും എഐഎഫ്എഫ് വിലക്കും പിഴയും നൽകിയിരുന്നു. ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബും പരിശീലകനും അപ്പോൾ തന്നെ അപ്പീൽ നൽകിയിരുന്നെങ്കിലും അത് കഴിഞ്ഞ ദിവസം എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി തള്ളുകയും രണ്ടാഴ്‌ചക്കുള്ളിൽ പിഴയടക്കണമെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഛേത്രി നേടിയ വിവാദഗോൾ റഫറി അനുവദിച്ചതിനെ തുടർന്ന് മൈതാനം വിട്ട നടപടിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ശിക്ഷയായി വിധിച്ചത് നാല് കോടി രൂപ പിഴയായിരുന്നു. പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ചു ലക്ഷം പിഴയും വിധിച്ചു. ഈ രണ്ടു നടപടികളും നിലനിൽക്കുമെന്നും പിഴയടക്കേണ്ടി വരുമെന്നും ഇപ്പോൾ തീരുമാനമായിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തീരുമാനം. അടുത്ത സീസണിലേക്ക് ടീമിനെ കെട്ടിപ്പടുക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനിടയിലാണ് ഇത്രയും വലിയൊരു തുക പിഴയായി അടക്കേണ്ടി വരുന്നത്. ടീമിലേക്ക് രണ്ടു മികച്ച താരങ്ങളെ എത്തിക്കാൻ കഴിയുന്ന തുകയാണ് പിഴയായി പോകുന്നതെന്നതിനാൽ ഇത് ക്ലബിന്റെ ട്രാൻസ്‌ഫർ നീക്കങ്ങളെ ബാധിക്കുമെന്നുറപ്പാണ്.

പൊതുവെ ട്രാൻസ്‌ഫർ മാർക്കറ്റിൽ പണമിറക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് മടിയുണ്ടെന്ന വിമർശനം പലപ്പോഴും ആരാധകർ ഉയർത്താറുണ്ട്. ഒന്നരക്കോടി ട്രാൻസ്‌ഫർ ഫീസ് ആവശ്യപ്പെട്ട ഡോർണി റോമെറോക്കു വേണ്ടിയുള്ള നീക്കം എവിടെയുമെത്താതെ നിൽക്കുകയാണ്. രണ്ടു താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസൺ മികച്ചതാക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിലാണ് പിഴയടക്കേണ്ടി വരുന്നത്.

പിഴയടക്കേണ്ടി വരുന്നതിനാൽ അത് ട്രാൻസ്‌ഫർ മാർക്കറ്റിലുള്ള നീക്കങ്ങളെ ദുർബലപ്പെടുത്തിയാൽ ആരാധകർക്ക് അടുത്ത സീസണിലും നിരാശയാകും ഫലം. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ് ഒരു കിരീടം പോലും സ്വന്തമാക്കാത്ത ഐഎസ്എൽ ക്ലബുകളെന്ന നാണക്കേട് പേറുന്നത്. അടുത്ത സീസണിലും അതിനു അവസാനമുണ്ടായില്ലെങ്കിൽ ആരാധകർ വലിയ നിരാശയിലേക്ക് പോകും.

AIFF Rejection Of Appeal Will Affect Kerala Blasters Transfer Plans