റഫറിയുടെ പിഴവ് തെളിയിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ആവശ്യപ്പെട്ടു, യോഗത്തിൽ സംഭവിച്ചതെന്ത്

ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന സെമി ഫൈനൽ പ്ലേ ഓഫ് മത്സരത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന യോഗം കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി തള്ളി. മത്സരത്തിൽ റഫറിയെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്‌തു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധരൂപത്തിൽ നൽകിയ പരാതിയാണ് തള്ളിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മത്സരത്തിൽ ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് മൈതാനം വിട്ടു വരാൻ പരിശീലകൻ പറഞ്ഞിരുന്നു. മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകുമെന്നിരിക്കെയാണ് ഇന്നലെ നടന്ന യോഗത്തിൽ ക്ലബ് നൽകിയ പരാതി എഐഎഫ്എഫ് തള്ളിയത്.

റഫറിക്കെതിരെ നടപടിയെടുക്കുക, മത്സരം വീണ്ടും നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാതിയിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ റഫറിയുടെ തീരുമാനം മാറ്റാൻ കഴിയില്ലെന്ന് കമ്മിറ്റി വ്യക്തമാക്കുന്നു. അതുപോലെ തന്നെ റഫറി എഴുതപ്പെട്ട ഏതു നിയമമാണ് തെറ്റിച്ചതെന്ന് ക്ലബിനോട് വ്യക്തമാക്കാൻ അവർ ആവശ്യപ്പെടുകയും ചെയ്‌തു. റഫറി ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നാണ് കമ്മിറ്റി പറയുന്നത്.

സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മറുപടി നൽകാൻ മാർച്ച് പന്ത്രണ്ടു വരെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്‌തികരമല്ലെങ്കിൽ ടീമിനെതിരെ നടപടി സ്വീകരിക്കും. അതേസമയം വലിയ നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. വലിയ ആരാധകക്കൂട്ടമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ മയമുള്ള നിലപാടാണ് നേതൃത്വം എടുക്കാനുദ്ദേശിക്കുന്നത്.