എഐഎഫ്എഫിനിത് എന്താണ് പറ്റിയത്, ഇതൊന്നും പതിവില്ലാത്തതാണല്ലോയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ | AIFF

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കണ്ണിലെ കരടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെന്നു പറഞ്ഞാൽ അതിൽ യാതൊരു തർക്കവുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരെ നിരന്തരം ചോദ്യം ചെയ്യുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവരുടെ തെറ്റുകൾക്കെതിരെ രൂക്ഷമായ വിമർശനം എല്ലായിപ്പോഴും നടത്താറുണ്ട്. അതുകൊണ്ടു കൂടി ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകനും പലപ്പോഴും ഫെഡറേഷന്റെ നടപടികൾ നേരിടാറുമുണ്ട്.

എന്നാൽ ഇന്നും ഇന്നലെയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എടുത്ത നടപടികൾ കണ്ടു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത് ഞങ്ങളുടെ എഐഎഫ്എഫ് തന്നെയല്ലേ എന്ന സംശയം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ല. പൊതുവേ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും പരിശീലകനുമാണ് വിലക്കിന്റെ ബുദ്ധിമുട്ടുകൾ നേരിടുകയെങ്കിൽ ഇന്നലെ അതിലൊരു വലിയ മാറ്റമുണ്ടായിട്ടുണ്ട്.

ദിവസങ്ങൾക്കു മുൻപ് മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായ സംഭവങ്ങളുടെയും റെഡ് കാർഡുകളുടെയും പേരിൽ നടപടി സ്വീകരിച്ചിരിക്കുകയാണ് എഐഎഫ്എഫ്. മത്സരത്തിൽ റഫറിയെ ചോദ്യം ചെയ്യുകയും തള്ളുകയും ചെയ്‌ത മോഹൻ ബഗാൻ താരം ലിസ്റ്റൻ കോളാകോക്ക് നാല് മത്സരങ്ങളിലും റെഡ് കാർഡ് നേടിയ ആകാശ് മിശ്രക്ക് മൂന്നു മത്സരങ്ങളിലും വിലക്ക് നൽകിയിരുന്നു.

അതേസമയം മത്സരത്തിൽ റഫറി അഴിമതിവീരനാണെന്ന അർത്ഥം വരുന്ന തരത്തിൽ ആംഗ്യം കാണിച്ച ഗ്രെഗ് സ്റ്റീവാർട്ടിന് ഒരു മത്സരത്തിൽ മാത്രമാണ് വിലക്ക് നൽകിയിരുന്നത്. എന്നാൽ ഇന്നലത്തെ തീരുമാനം തിരുത്തി ഇന്ന് മുംബൈ സിറ്റി താരത്തിന് മൂന്നു മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്താൻ എഐഎഫ്എഫ് തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എഐഎഫ്എഫിന് എന്താണ് പറ്റിയതെന്ന് ആരാധകർ ചോദിക്കുന്നത്.

എന്തായാലും ഈ വിലക്ക് കൊണ്ട് ബ്ലാസ്റ്റേഴ്‌സിന് എല്ലാ രീതിയിലും ഗുണമാണ്. വിലക്കുള്ള നാല് മുംബൈ സിറ്റി താരങ്ങൾ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. അതിനു പുറമെ നാല് മത്സരങ്ങളിൽ വിലക്ക് ലഭിച്ച ലിസ്റ്റൻ കോളാകോ മോഹൻ ബഗാനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിലും കളിക്കില്ല. ഈ വിലക്ക് രണ്ടു ടീമുകളെയും പ്രതികൂലമായി ബാധിച്ചാൽ അത് ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യും.

AIFF Give 3 Match Ban To Greg Stewart