ലൂണക്ക് സ്ഥിരം പകരക്കാരനല്ലല്ലോ വരുന്നത്, പുതിയ താരത്തെ കൊണ്ടുവരുന്നതിലെ പ്രതിസന്ധി വ്യക്തമാക്കി വുകോമനോവിച്ച് | Kerala Blasters

പരിക്കേറ്റു പുറത്തായ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ഒരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്നും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയൊരു താരം ടീമിലെത്താൻ സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് വെളിപ്പെടുത്തിയിരുന്നു. അഡ്രിയാൻ ലൂണ ഈ സീസണിൽ തിരിച്ചുവരാൻ സാധ്യതയില്ലാത്തതു കൊണ്ടാണ് അദ്ദേഹം പുതിയ താരത്തെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായതിനാൽ തന്നെ അഡ്രിയാൻ ലൂണയുടെ അഭാവം ടീമിനെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. മികച്ചൊരു പകരക്കാരൻ ടീമിലേക്ക് എത്തിയാൽ മാത്രമേ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടപ്രതീക്ഷ വെക്കാൻ കഴിയുകയുള്ളൂ. എന്നാൽ ലൂണക്ക് ഒരു സ്ഥിരം പകരക്കാരനെ കൊണ്ടുവരാൻ പദ്ധതിയില്ലാത്തതിനാൽ തന്നെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരങ്ങളെ സ്വന്തമാക്കാൻ ചില പ്രതിസന്ധികൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

“ലൂണ ടീമിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്ന താരമായതിനാൽ തന്നെ സ്ഥിരം പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരില്ല. ഇപ്പോഴത്തെ സാഹചര്യം മാത്രമാണ് പരിഗണിക്കുന്നത്. നമ്മൾ ഏതു മാർക്കറ്റിൽ പോയാലും ഇത് സീസണിന്റെ പകുതിയായിരിക്കും. മികച്ച താരങ്ങളെല്ലാം നിലവിൽ കരാറിലാവും ഉണ്ടാവുക. അവരത് വേണ്ടെന്നു വെക്കാനും ഏതാനും മാസങ്ങൾക്കു വേണ്ടി മാത്രം ഐഎസ്എല്ലിൽ കളിക്കാൻ വരാനും തയ്യാറാകാൻ സാധ്യത കുറവാണ്.”

“ജനുവരി മാർക്കറ്റ് പരിമിതമാണ്, ഒരുപാട് താരങ്ങളൊന്നും ഫ്രീയാകില്ല. ഏതെങ്കിലുമൊരു താരത്തെ സ്വന്തമാക്കുന്നതിനു പകരം ടീമിന് എന്തെങ്കിലും നൽകാൻ കഴിവുള്ള താരങ്ങളെയാണ് ഞങ്ങൾ സ്വന്തമാക്കുക. നിലവിലെ അഭാവം പരിഹരിക്കാൻ കഴിയുന്ന, ടീമിലെത്തി പെട്ടന്നു തന്നെ മത്സരങ്ങൾ കളിക്കാനാകുന്ന, കാലാവസ്ഥയുമായി ചേർന്നു പോകാനും ടീമിനോടും ഐഎസ്എല്ലിൽ ഞങ്ങൾ കളിക്കുന്ന രീതിയോടും പൊരുത്തപ്പെടാൻ കഴിയുന്ന താരങ്ങളെയാണ് വേണ്ടത്.” അദ്ദേഹം പറഞ്ഞു.

ഇവാൻ വുകോമനോവിച്ചിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ പുതിയൊരു താരത്തിന് വേണ്ടി ശ്രമം നടത്തുമെന്ന് തന്നെയാണ്. എന്നാൽ ഇവാൻ വുകോമനോവിച്ച് പറഞ്ഞ മാനദണ്ഡങ്ങളിൽ നിന്നുകൊണ്ട് ഒരു താരത്തെ എത്തിക്കാൻ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തൂ. അതിനാൽ തന്നെ പുതിയൊരു താരം ജനുവരിയിൽ എത്താതിരിക്കാനും സാധ്യതയുണ്ട്.

Kerala Blasters Seek Temporary Replacement For Adrian Luna