2023ൽ ലോകമെമ്പാടും ലയണൽ മെസി തരംഗം, നിരവധി രാജ്യങ്ങളിൽ ഏറ്റവുമധികം പേർ തിരഞ്ഞു കണ്ടത് അർജന്റീന നായകനെ | Lionel Messi

ലയണൽ മെസി ലോകത്തിന്റെ നിറുകയിലേക്ക് എല്ലാ അർത്ഥത്തിലും നടന്നു കയറിയ ഒരു വർഷമായിരുന്നു 2022. ഖത്തറിൽ നടന്ന ലോകകപ്പിൽ കിരീടം ചൂടിയതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി എല്ലാവരും മെസിയെ അവരോധിച്ചു. ലോകം മുഴുവൻ മെസിയെക്കുറിച്ച് ചർച്ച ചെയ്യുകയും ലയണൽ മെസിയുടെ മികവിനെയും ഒരുപാട് തവണ വീണു പോയിട്ടും അതിൽ തളരാതെ ഉയർത്തെഴുന്നേറ്റു നടത്തിയ പോരാട്ടവീര്യത്തെയും കുറിച്ച് സംസാരിക്കുകയുണ്ടായി.

2022ലെ ലോകകപ്പ് നേട്ടവും ഈ വർഷം ജൂണിൽ യൂറോപ്പ് വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതുമെല്ലാം ലയണൽ മെസിയുടെ പോപ്പുലാരിറ്റി വാനോളം ഉയർത്തിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ദിവസം എഫ്‍ബ്രെബ് സ്റ്റാറ്റ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ആളുകൾ നോക്കിയ ഫുട്ബോൾ താരം അർജന്റീന നായകനാണ്. മെസിയുടെ സ്വീകാര്യത ഇതിൽ നിന്നും വ്യക്തമാണ്.

ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനാൽ സ്വാഭാവികമായും അമേരിക്കയിൽ ലയണൽ മെസി തന്നെയാണ് ഏറ്റവുമധികം ആളുകൾ തിരഞ്ഞു കണ്ട ഫുട്ബോൾ താരം. അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അമേരിക്കയിലെ അൻപത് സ്റ്റേറ്റുകളിലും താരം മുന്നിലെത്തിയെന്നതാണ്. അതിനു പുറമെ ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക, ജർമനി, ഘാന, ഇറ്റലി, ബെൽജിയം, സ്വീഡൻ, ഹോളണ്ട്, ഈജിപ്‌ത്‌, കാനഡ, തുർക്കി, മെസിയുടെ രാജ്യമായ അർജന്റീന എന്നിവിടെയെല്ലാം താരം മുന്നിൽ നിൽക്കുന്നു.

അതേസമയം മെസിയുടെ പ്രധാന എതിരാളിയായി കാണാക്കപ്പെട്ടിരുന്ന റൊണാൾഡോ ഇക്കാര്യത്തിൽ വളരെ പിന്നിലായിപ്പോയി. സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറി അവിടെ മികച്ച പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രാജ്യമായ പോർച്ചുഗലിൽ മാത്രമാണ് മുന്നിലെത്തിയത്. അതേസമയം മൊഹമ്മദ് സലാലയുടെ സ്വന്തം രാജ്യമായ ഈജിപ്‌തിൽ ലയണൽ മെസിയാണ് മുന്നിലെത്തിയതെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്.

ലയണൽ മെസിയെന്ന താരത്തിന് ഈ വർഷം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പോലും ലോകത്തിലെ എല്ലാവരും ഏറ്റവുമധികം ശ്രദ്ധിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതും അറിയാൻ ആഗ്രഹിക്കുന്നതും ലയണൽ മെസിയെക്കുറിച്ച് തന്നെയാണ്. താരം ആഗോളതലത്തിൽ ഉണ്ടാക്കിയ സ്വാധീനം എന്താണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

Lionel Messi Most Viewed Player In Many Countries