ഇത് ആരാധകക്കരുത്തിന്റെ രൗദ്രഭാവം, മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപേ നിറഞ്ഞു കവിഞ്ഞ് കൊച്ചിയിലെ ഗ്യാലറി | Manjappada

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിൽ നടക്കാൻ പോകുന്ന മത്സരത്തിന്റെ ഫലം എന്തു തന്നെയായാലും അത് ആരാധകരുടെ അവിശ്വനീയമായ പിന്തുണയുടെ പേരിൽ എന്നെന്നും ഓർമിക്കപെടുന്ന ഒന്നായിരിക്കും. മത്സരം തുടങ്ങാൻ മണിക്കൂറുകൾ ഇനിയും ബാക്കി നിൽക്കെ തന്നെ ഗ്യാലറിയിലേക്ക് ഇരമ്പിയെത്തിയാണ് ആരാധകർ തങ്ങളുടെ പിന്തുണ അറിയിക്കുന്നത്.

മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റു പോയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇതിനു മുൻപും കൊച്ചിയിൽ വെച്ചു നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ സോൾഡ് ഔട്ട് ആയിട്ടുണ്ടെങ്കിലും ആരാധകർ ഇത്രയും നേരത്തെ തന്നെ ഗ്യാലറിയിൽ നിറയുന്നത് ആദ്യമായായിരിക്കും. കൊച്ചി സ്റ്റേഡിയത്തിലെ മഞ്ഞപ്പട സ്റ്റാൻഡാണ് അഞ്ചരക്ക് മുൻപേ തന്നെ നിറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുംബൈ സിറ്റിയോട് ചില കണക്കുകൾ തീർക്കാൻ ബാക്കിയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മുംബൈയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് അധിക്ഷേപങ്ങൾ ആരാധകരിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ മത്സരം കഴിഞ്ഞപ്പോൾ തന്നെ കൊച്ചിയിൽ വെച്ച് കാണാമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

എന്തായാലും പറഞ്ഞ കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ സിറ്റിയുടെ മൈതാനത്ത് നൽകിയതിന് അതുപോലെ തിരിച്ചു നൽകാൻ വേണ്ടിത്തന്നെയാണ് ഈ ഒരുക്കങ്ങളെന്ന് വ്യക്തമാണ്. എന്തായാലും മത്സരത്തിനെത്തുന്ന മുംബൈ സിറ്റി താരങ്ങൾക്ക് ഒട്ടും സുഖകരമായ ഒരു അന്തരീക്ഷമാകില്ല കൊച്ചിയിൽ ലഭിക്കുകയെന്ന് വ്യക്തമാണ്.

കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് നേടിയ നാല് താരങ്ങളില്ലാതെ മുംബൈ സിറ്റി ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലില്ലാത്തത് കപ്പിത്താനായ അഡ്രിയാൻ ലൂണയാണ്. ലൂണയുടെ അഭാവത്തിൽ ടീം തിരിച്ചടി നേരിടുമെന്ന് ഉറപ്പാണെങ്കിലും ആരാധകപിന്തുണ കൊച്ചിയുടെ മൈതാനത്ത് മികച്ചൊരു ഫലമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.

Manjappada Stand Fills Hours Before Kerala Blasters Vs Mumbai City Match