മുംബൈ സിറ്റിയെ നക്ഷത്രമെണ്ണിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രിസ്‌മസ്‌ ആഘോഷം, പകരം വീട്ടി കൊമ്പന്മാർ | Kerala Blasters

കൊച്ചിയിൽ മുംബൈ സിറ്റിയെ തകർത്ത് ക്രിസ്‌മസ്‌ രാവാഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മുംബൈ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയപ്പോൾ അതിനു കൊച്ചിയിൽ പ്രതികാരം ചെയ്യുമെന്ന വെല്ലുവിളി നിറവേറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

ബോൾ പൊസഷനിൽ പൂർണമായും ആധിപത്യം സ്ഥാപിച്ച മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്‌സ് നിഷ്പ്രഭമാക്കിയ ആദ്യപകുതിയായിരുന്നു കൊച്ചിയിലേത്. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. മനോഹരമായ ഒരു മുന്നേറ്റത്തിനു ശേഷം പെപ്ര നൽകിയ പാസ് പിടിച്ചെടുത്ത് അതിനേക്കാൾ മനോഹരമായ ഫിനിഷിംഗിലൂടെ ഡയമെന്റാക്കോസാണ് ടീമിനെ മുന്നിലെത്തിച്ചത്.

ആദ്യപകുതി അവസാനിക്കുന്നതിനു മുൻപുള്ള ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ ഗോളും നേടി. പെപ്ര തുടങ്ങി വെച്ച ഒരു മുന്നേറ്റത്തിനൊടുവിൽ ദിമിത്രിയോസ് നൽകിയ പാസിൽ നിന്നും പെപ്രയുടെ മിന്നൽ ഷോട്ട് വലക്കകത്തേക്ക് കയറുമ്പോൾ മുംബൈ ഗോൾകീപ്പർക്ക് അനങ്ങാൻ പോലും സമയമില്ലായിരുന്നു. അത്രയും അപ്രതീക്ഷിതമായ ഒരു ആങ്കിളിലാണ് പെപ്ര ഷോട്ട് ഉതിർത്തത്.

നാല് പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ മുംബൈ സിറ്റിയെ ആദ്യപകുതിയിൽ മുംബൈ സിറ്റിയുടെ ഗ്രിഫിത്‍സ് പരിക്കേറ്റു പുറത്തു പോയത് ബാധിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിബിൻ മോഹനനും ആദ്യപകുതിയിൽ പരിക്ക് കാരണം പിൻവലിക്കപ്പെട്ടു. മുഹമ്മദ് ആസ്ഹറാണ് പകരം ഇറങ്ങിയത്. പോസ്റ്റിലടിച്ചു പോയ ഒരു ഷോട്ടോഴിച്ചാൽ ആദ്യപകുതിയിൽ മുംബൈയുടെ ആക്രമണങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൃത്യമായി പ്രതിരോധിച്ചു.

ആദ്യപകുതിയിൽ രണ്ടു ഗോളിന്റെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലും പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ചത് മുംബൈയുടെ ആക്രമണങ്ങൾ ശക്തമാകാൻ കാരണമായി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അതിനെ കൃത്യമായി തന്നെ പ്രതിരോധിച്ചു. ഇടക്ക് ഡ്രിഞ്ചിച്ച് നിലത്തു വീണത് ആശങ്ക നൽകിയെങ്കിലും താരം ഉടനെ തന്നെ മത്സരത്തിലേക്ക് തിരിച്ചെത്തി.

അവസാനമിനുട്ടുകളിൽ ആഞ്ഞടിക്കേണ്ട മുംബൈ സിറ്റി തളർന്നതു പോലെ കളിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പകരക്കാരെ ഇറക്കി മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. ചില മികച്ച അവസരങ്ങൾ അവർക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. ഇഞ്ചുറി ടൈമിൽ മുംബൈയുടെ ചില മുന്നേറ്റങ്ങൾ കണ്ടെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം സമ്മതിച്ചില്ല.

Kerala Blasters Won Against Mumbai City In ISL