മദമിളകിയ കൊമ്പനായി മാറിയ പെപ്ര, മുംബൈ സിറ്റിയെ തകർത്ത പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് | Kwame Peprah

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ നിരവധി മത്സരങ്ങൾ പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ പ്രധാനമായി വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ക്വാമേ പെപ്ര. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരത്തിന് ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നതാണ് പെപ്രക്കെതിരായ ആരാധകരുടെ വിമർശനങ്ങൾ ശക്തമായി ഉയരാൻ കാരണമായത്. എന്നാൽ ആ വിമർശനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് താരം ഇന്നലെ നടത്തിയത്.

അഡ്രിയാൻ ലൂണയില്ലാതെ പഞ്ചാബിനെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് പതറിയതിനാൽ തന്നെ ഇന്നലത്തെ മത്സരത്തിൽ എന്താകും സംഭവിക്കുകയെന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രതിരോധത്തിൽ ഊന്നിക്കൊണ്ട് പ്രത്യാക്രമണങ്ങളിൽക്കൂടി മുംബൈ സിറ്റിയെ പരീക്ഷിക്കുകയെന്ന ഇവാന്റെ തന്ത്രം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൃത്യമായി നടപ്പിലാക്കുകയായിരുന്നു.

പാസിംഗ് ഗെയിമിലൂടെയുള്ള മുന്നേറ്റങ്ങളെക്കാൾ പ്രത്യാക്രമണങ്ങളിലൂന്നി കളിക്കുന്ന ശൈലിയാണ് തനിക്ക് ചേരുകയെന്ന് ഇന്നലെ പെപ്ര നടത്തിയ പ്രകടനം വ്യക്തമാക്കുന്നു. ആദ്യത്തെ ഗോളിൽ തനിക്ക് മുന്നിലുള്ള മുംബൈ സിറ്റി താരത്തെ മികച്ചൊരു ഫേക്കിങ്ങിലൂടെ മറികടന്ന് സ്‌പേസ് ഉണ്ടാക്കിയെടുത്ത പെപ്ര അതിനു ശേഷമാണ് മൂന്നു താരങ്ങളുടെ ഇടയിലൂടെ ദിമിത്രിയോസിനു പാസ് നൽകിയത്.

രണ്ടാമത്തെ ഗോളിലും താരം തന്റെ മികവ് കാണിച്ചു. ദിമിത്രിയോസിനു സ്‌പേസിലേക്ക് പാസ് നൽകിയതിനു ശേഷം ബോക്‌സിലേക്ക് പോയ പെപ്ര പിന്നീട് തിരിച്ചിറങ്ങി പാസ് സ്വീകരിച്ച് അപ്രതീക്ഷിതമായ ആംഗിളിൽ നിന്നുള്ള ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. ദിമിത്രിയോസിനു പാസ് ചെയ്യാൻ സ്‌പേസ് ഉണ്ടാക്കാൻ തിരിച്ചിറങ്ങിയത് താരത്തിന്റെ വിവേകബുദ്ധിയെ വെളിപ്പെടുത്തുന്നതായിരുന്നു.

മത്സരത്തിലുടനീളം താരം മിന്നുന്ന പ്രകടനമാണ് നടത്തിയത്. മുംബൈ സിറ്റി പ്രതിരോധം പിന്നിൽ നിന്നും പാസുകളിലൂടെ ആക്രമണം സൃഷ്‌ടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തന്റെ വേഗതയും കരുത്തും കൊണ്ട് പെപ്ര നിഷ്പ്രഭമാക്കുന്നത് പല തവണ കണ്ടു. രണ്ടാം പകുതിയിൽ താരം മുന്നേറി നൽകിയ ഒരു പാസ് രാഹുൽ കെപിയുടെ തൊട്ടു മുന്നിൽ വെച്ച് ഗോൾകീപ്പർ തടഞ്ഞില്ലായിരുന്നെങ്കിൽ ഉറപ്പായും ഗോളായേനെ.

പല കാര്യങ്ങളിലും പരിമിതിയുള്ള കളിക്കാരൻ തന്നെയാണ് പെപ്ര. എന്നാൽ അതുപോലെത്തന്നെ പല കാര്യങ്ങളിലും താരത്തിന് വലിയ കരുത്തുമുണ്ട്. ആ കരുത്തിനെ കൃത്യമായി ഉപയോഗിക്കാനുള്ള പദ്ധതി അവലംബിച്ചാൽ ടീമിനായി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയും. ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരത്തിന് ഒരുപാട് കാലം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനിയായി തുടരാനും കഴിയും.

Kwame Peprah MOTM Performance Against Mumbai City FC