ഈ ആരാധകപിന്തുണക്ക് മുന്നിൽ കീഴടങ്ങാതെ വഴിയില്ല, തോൽവിയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രശംസയുമായി മുംബൈ പരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി തോൽവി വഴങ്ങിയത് മത്സരത്തിൽ ഇവാൻ വുകോമനോവിച്ച് ഒരുക്കിയ തന്ത്രങ്ങൾ കൊണ്ടു മാത്രമായിരുന്നില്ല. മത്സരം തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തന്നെ ഗ്യാലറികളിലേക്ക് ഒഴുകിയെത്തിയ, തുടക്കം മുതൽ അവസാനം വരെ ടീമിന് പിന്തുണ നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നലത്തെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചിരുന്നു.

മുംബൈ സിറ്റിയുമായി അവരുടെ മൈതാനത്ത് നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ അവിടുത്തെ ആരാധകർ അധിക്ഷേപം നടത്തിയിരുന്നു. അന്നുതന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മുംബൈ സിറ്റിക്ക് നൽകിയ മുന്നറിയിപ്പ് കൊച്ചിയിൽ വരുമ്പോൾ കാണാമെന്നായിരുന്നു. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ കൃത്യമായി നടപ്പിലാക്കിയ ആരാധകർ അതിഗംഭീരമായ പിന്തുണയാണ് ടീമിന് നൽകിയത്.

മത്സരത്തിൽ മുംബൈ സിറ്റിയുടെ മനോവീര്യം തകർക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും തുടക്കം മുതൽ ഒടുക്കം വരെ ആരാധകർ വിവിധ ചാന്റുകളുമായി എത്തിയിരുന്നു. അത് വലിയ ഫലമുണ്ടാക്കിയെന്നതിൽ സംശയമില്ല. മത്സരത്തിന് ശേഷം മുംബൈ സിറ്റി പരിശീലകൻ പീറ്റർ ക്രാറ്റ്കിയും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം പ്രശംസിച്ച് രംഗത്തു വരികയുണ്ടായി.

“കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മികച്ചൊരു ടീമാണ്, അവരെ ഞങ്ങൾ ബഹുമാനിക്കണം. മത്സരത്തിലുടനീളം നാൽപത്തിനായിരത്തോളം ആരാധകർ ടീമിന് വലിയ പിന്തുണ നൽകിയത് മനോഹരമായിരുന്നു. മത്സരഫലം ഞങ്ങൾക്ക് അനുകൂലമായിരുന്നില്ലെങ്കിലും ഈ പിന്തുണയ്ക്ക് വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നത്. ഇത് അനുഭവിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, ഇന്ത്യയിൽ ഇത് കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.” പീറ്റർ ക്രാറ്റ്കി പറഞ്ഞു.

കൊച്ചിയിൽ കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ ഏറ്റവും മികച്ച പിന്തുണകളിൽ ഒന്നായിരുന്നു ഇന്നലത്തേതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സോഷ്യൽ മീഡിയയിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയേയും സ്റ്റേഡിയത്തിലെ അനുഭവത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തു വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകരുമെല്ലാം ആരാധകരെ പ്രശംസിച്ചിരുന്നു.

Kerala Blasters Fans Praised By Mumbai City Coach