ഇതാണ് യഥാർത്ഥ സ്റ്റേഡിയം ആംബിയൻസ്, ബെംഗളൂരു എഫ്‌സിയെ നാണം കെടുത്തി ഐഎസ്എൽ ഒഫീഷ്യൽ പേജ് | ISL

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ കണ്ട ഏറ്റവും മികച്ച സ്റ്റേഡിയം ആമ്പിയൻസാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നടന്ന മത്സരത്തിനായി ഒരുക്കിയത്. കൊച്ചിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയപ്പോൾ അതിൽ വലിയ പങ്കു വഹിച്ചത് മൈതാനത്ത് നിറഞ്ഞു കവിഞ്ഞ ആരാധകരായിരുന്നു. ഈ സീസണിൽ മുംബൈ സിറ്റിയുടെ ആദ്യത്തെ തോൽവിയായിരുന്നു ഇന്നലത്തേത്.

മത്സരം തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തന്നെ കൊച്ചിയിലെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ചാന്റുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്റ്റേഡിയത്തിൽ നിറഞ്ഞപ്പോൾ മത്സരം തുടങ്ങും മുൻപേ തന്നെ ഉത്സവത്തിനു സമാനമായ അന്തരീക്ഷമായിരുന്നു. ഈ പിന്തുണയെ കാണിക്കുന്നതിന് വേണ്ടി ഐഎസ്എൽ ഒഡീഷ്യൽ പേജ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരു എഫ്‌സി ‘ദിസ് ഈസ് ഹെവൻ’ എന്ന ഒരു വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം റീലായി പോസ്റ്റ് ചെയ്‌തിരുന്നു. കണ്ടീരവ സ്റ്റേഡിയം മത്സരം തുടങ്ങുന്നതിനു മുൻപ് വൈകുന്നേരവും അതിനു ശേഷം രാത്രിയിലും കാണിക്കുന്ന വീഡിയോയാണ് ബെംഗളൂരു പോസ്റ്റ് ചെയ്‌തത്‌. എന്നാൽ ഈ രണ്ടു സമയങ്ങളിലും സ്റ്റേഡിയത്തിൽ ആരാധകർ ഉണ്ടായിരുന്നില്ല.

അതേസമയം ഇന്നലെ ഐഎസ്എൽ പോസ്റ്റ് ചെയ്‌ത വീഡിയോ ഇതിന്റെ ആവർത്തനം ആയിരുന്നു. എന്നാൽ അതിൽ വലിയൊരു വ്യത്യാസം വൈകുന്നേരത്തെ ദൃശ്യം കാണിക്കുമ്പോൾ ഗ്യാലറിയിൽ കുറച്ച് ആരാധകരുണ്ട്. അതിനു ശേഷം രാത്രിയിലെ ദൃശ്യം കാണിക്കുമ്പോൾ നിറഞ്ഞു കവിഞ്ഞ് മുഴുവൻ ആരാധകരായുള്ള ആർത്തിരമ്പുന്ന ഗ്യാലറിയുടെ ദൃശ്യമാണുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ വീഡിയോ പുറത്തു വന്നതോടെ ബെംഗളൂരു എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ട്രോളുകയാണ്. ബെംഗളൂരു എഫ്‌സി എന്താണോ ഉദ്ദേശിച്ചത്, അത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മൈതാനത്താണ് യഥാർത്ഥത്തിൽ കണ്ടതെന്നും ഈ വീഡിയോ അതിനുള്ള തെളിവാണെന്നും ആരാധകർ പറയുന്നു. പലരും ബെംഗളൂരു എഫ്‌സിയെ ഐഎസ്എൽ വീഡിയോക്ക് കീഴിൽ മെൻഷൻ ചെയ്യുന്നുമുണ്ട്.

ISL Video On Kerala Blasters Fans Trolls Bengaluru FC