കേരളത്തിന്റെ അഭാവം നൽകിയത് വലിയ തിരിച്ചടി, ആരാധകരുടെ കരുത്ത് മനസിലാക്കി എഐഎഫ്എഫ് പ്രസിഡന്റ്

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ സന്തോഷ് ട്രോഫി സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ കേരളമായിരുന്നെങ്കിലും ഫൈനൽ റൗണ്ട് കടക്കാൻ കഴിയാതെ അവർ ടൂർണമെന്റിൽ നിന്നും പുറത്തു പോയിരുന്നു. ആവേശകരമായ ഫൈനലിൽ മേഘാലയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി കർണാടകയാണ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.

താരങ്ങൾക്ക് മികച്ച സൗകര്യങ്ങളിൽ പരിശീലനം നടത്താനുള്ള അവസരത്തിനൊപ്പം കേരളത്തിൽ നിന്നുള്ള ആരാധകരെയും റിയാദിൽ വെച്ച് മത്സരം നടത്തുമ്പോൾ ഉന്നം വെച്ചിരുന്നു. കേരളം ഫൈനൽ റൌണ്ട് കടക്കാതെ പുറത്തായതോടെ വളരെ ആളുകൾ കുറവായ മൈതാനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ കല്യാൺ ചൗബേ കേരളം ടൂർണമെന്റിൽ നിന്നും പുറത്തായത് തിരിച്ചടിയായെന്ന് വ്യക്തമാക്കി.

“കേരളമോ ബംഗാളോ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ രണ്ടു ടീമുകളും യോഗ്യത നേടിയിരുന്നെങ്കിൽ ഒരുപാട് ആളുകൾ റിയാദിലുള്ള മത്സരം കാണാൻ എത്തിയേനെ, അത് വരുമാനം വർധിപ്പിക്കാനും സഹായിക്കുമായിരുന്നു. അതുകൊണ്ടാണ് അറുപത്തിനായിരത്തിൽ അധികം ശേഷിയുള്ള സ്റ്റേഡിയം അനുവദിച്ചു തന്നത്, പക്ഷെ അത് സംഭവിച്ചില്ല.” അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ഫൈനൽ കേരളത്തിൽ പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തിയിരുന്നത്. പതിനായിരക്കണക്കിന് ആരാധകർ മത്സരം കാണാനെത്തി വലിയ ആവേശം മത്സരത്തിൽ സൃഷ്‌ടിക്കപ്പെട്ടിരുന്നു. അതിന്റെ കരുത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ച് കേരളം കിരീടവും സ്വന്തമാക്കി. എന്നാൽ ഇത്തവണ കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം ആവർത്തിക്കാൻ കേരളത്തിന് കഴിഞ്ഞില്ല.