ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധത്തെ അംഗീകരിച്ച് എഐഎഫ്എഫ് മേധാവി, നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മറുപടി

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ നിലവാരത്തകർച്ചയുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉയർത്തിയ പ്രതിഷേധം നിലനിൽക്കുന്നത്. റഫറിമാർക്ക് പിഴവുകൾ സംഭവിക്കുന്നുണ്ടെന്ന് വ്യക്തമാണെന്നിരിക്കെ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തു വന്നിരുന്നു. ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെയും റഫറിമാർക്ക് പിഴവുകൾ സംഭവിക്കുന്നുണ്ടെന്ന് അംഗീകരിച്ചു.

നല്ല റഫറിങ്ങുള്ള മികച്ച മത്സരങ്ങൾ കാണാനാണ് കാണികൾ എത്തുന്നതെന്നും എന്നാൽ ഈ ഐഎസ്എല്ലിൽ കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. നിരവധി പരാതികൾ ഇതിനകം തന്നെ ലഭിച്ചുവെന്നും നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കൂടുതൽ പണം ചിലവഴിക്കാൻ ഫെഡറേഷൻ തയ്യാറാണെന്നും ചൗബേ വെളിപ്പെടുത്തി.

വിദേശ റഫറിമാരുടെ നിലവാരത്തിലേക്ക് ഇന്ത്യയിലെ റഫറിമാരെയും എത്തിക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ത്തുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും നിലവില്‍ വളരെയധികം എക്‌സ്പീരിയന്‍സുള്ള ഇംഗ്ലീഷ് റഫറിയാണ് ചീഫ് ആയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുടെ ഗോൾ അനുവദിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് കല്യാൺ ചൗബേ ഈ പ്രതികരണം നടത്തിയിരിക്കുന്നത്. റഫറിമാരുടെ പിഴവുകൾ അദ്ദേഹം തന്നെ സമ്മതിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ വിജയമായാണ് ആരാധകർ കാണുന്നത്. ബ്ലാസ്റ്റേഴ്‌സ് തെറ്റാണ് ചെയ്‌തതെന്ന രീതിയിൽ ഒരു പ്രതികരണവും അദ്ദേഹം നടത്തിയതുമില്ല.