ബയേണിനെതിരെ മെസി കളിച്ചത് കരിയറിലെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് മത്സരമോ? നിർണായക വെളിപ്പെടുത്തലുമായി അർജന്റീനിയൻ മാധ്യമപ്രവർത്തകൾ

ഖത്തർ ലോകകപ്പ് വിജയം നേടിയതിന്റെ സന്തോഷത്തിൽ ഉണ്ടായിരുന്ന ലയണൽ മെസിക്ക് നിരാശ നൽകിയാണ് കഴിഞ്ഞ ദിവസത്തെ ചാമ്പ്യൻസ് ലീഗ് മത്സരം പൂർത്തിയായത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺ വിജയം നേടിയതോടെ രണ്ടു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്നു ഗോളിന്റെ തോൽവി വഴങ്ങി പിഎസ്‌ജി പുറത്താവുകയായിരുന്നു. തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് മെസി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതിരിക്കുന്നത്.

അതിനിടയിൽ ബയേണിനെതിരെയുള്ള മത്സരം ലയണൽ മെസിയുടെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് മത്സരമാകുമെന്ന രീതിയിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സീസണു ശേഷം ലയണൽ മെസി യൂറോപ്പ് വിടുമെന്നും എംഎൽഎസ് ഉൾപ്പെടെയുള്ള മറ്റു ലീഗുകളിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അർജന്റീന ടീമുമായി ബന്ധപ്പെട്ട ഏറ്റവും വിശ്വസ്‌തനായ മാധ്യമപ്രവർത്തകൾ ഗാസ്റ്റൻ എഡുൽ വെളിപ്പെടുത്തുകയുണ്ടായി.

“ഇത് മെസിയുടെ അവസാനത്തെ ചാമ്പ്യൻസ് ലീഗാവില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. സോഷ്യൽ മീഡിയയിൽ പലയിടത്തും ഞാൻ വായിച്ചു ഇത് മെസിയുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരമാകുമെന്ന്, പക്ഷെ അതങ്ങിനെയല്ല. അടുത്ത ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്നും ഞാൻ ഉറപ്പു നൽകുന്നു, മെസി യൂറോപ്പിൽ തന്നെ തുടരും.” അദ്ദേഹം വ്യക്തമാക്കി.

അതിനിടയിൽ ലയണൽ മെസി പിഎസ്‌ജി വിടാനുള്ള സാധ്യതകൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. താരത്തിന് പുതിയ കരാർ നൽകാനുള്ള തീരുമാനത്തിൽ നിന്നും പിഎസ്‌ജി പുറകോട്ടു പോയിട്ടുണ്ട്. അടുത്ത കോപ്പ അമേരിക്കയിൽ കളിക്കാൻ തയ്യാറെടുക്കുന്ന മെസി അതിനു യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത. ബാഴ്‌സലോണയിലേക്ക് താരം തിരിച്ചെത്തിയാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ല.