വമ്പൻ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, അർഹിച്ചതു തന്നെയെന്ന് ആരാധകർ

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നെങ്കിലും ഈ സീസൺ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. എങ്കിലും ടൂർണമെന്റിൽ ഒരുപാട് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒരു പ്രതിഷേധത്തിന് വഴിമരുന്നിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റ് അവസാനിപ്പിച്ചത്. അതിനിടയിൽ ആരാധകർക്ക് ആവേശം നൽകുന്ന ഒരു പ്രഖ്യാപനവും ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ആരാധരോട് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസങ്ങളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ വിജയിച്ച താരമേതാണെന്ന് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപനം നടത്തി. ആരാധകരുടെ കണ്ണിലുണ്ണിയും ടീമിന്റെ എഞ്ചിനുമായി അഡ്രിയാൻ ലൂണയെയാണ് ഇത്തവണത്തെ മികച്ച താരമായി ആരാധകർ തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിലും ലൂണ തന്നെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അഡ്രിയാൻ ലൂണ, രാഹുൽ കെപി, ഇവാൻ കലിയുഷ്‌നി, ദിമിത്രിയോസ് എന്നിവരാണ് പോരാട്ടത്തിൽ ഉണ്ടായിരുന്നത്. വോട്ടെടുപ്പിൽ 67 ശതമാനത്തിലധികം വോട്ടുകൾ നേടി അഡ്രിയാൻ ലൂണ ബഹുദൂരം മുന്നിലെത്തിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ദിമിത്രിയോസിനു വെറും പതിനാലു ശതമാനത്തിലധികം വോട്ടാണ് ലഭിച്ചത്. പത്ത് ശതമാനത്തോളം വോട്ടുകൾ നേടിയ കലിയുഷ്‌നി മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ രാഹുൽ കെപിക്ക് ലഭിച്ചത് ഏഴു ശതമാനം വോട്ടുകളാണ്.

കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപ്പെട്ട താരം അഡ്രിയാൻ ലൂണയായിരുന്നു. വുകോമനോവിച്ചിന്റെ പദ്ധതികളിൽ പ്രധാനിയായ താരത്തിന്റെ മികവിലാണ് കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയത്. അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം മുപ്പതുകാരനായ അഡ്രിയാൻ ലൂണ അർഹിക്കുന്നതു തന്നെയാണെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായായപ്പെടുന്നത്.