ലയണൽ മെസിയെ ടീമിലെത്തിക്കൂ, റൊണാൾഡോയുടെ മുന്നിൽ വെച്ച് സൗദി ആരാധകരുടെ അഭ്യർത്ഥന

യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടക്കത്തിൽ ഒന്നു പതറിയെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിനായി ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. അൽ ഇത്തിഹാദിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്ർ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്‌തു.

മത്സരത്തിലുടനീളം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉന്നം വെച്ചായിരുന്നു അൽ നസ്ർ ആരാധകരുടെ ചാന്റുകൾ. ഇതിനായി ലയണൽ മെസിയുടെ പേരാണ് ആരാധകർ ഉപയോഗിച്ചത്. അൽ ഇത്തിഹാദിന്റെ സ്റ്റേഡിയത്തിൽ മെസി ചാന്റുകൾ വളരെ ഉച്ചത്തിൽ ഉയർന്നപ്പോൾ ആദ്യം റൊണാൾഡോ അതിനോട് ചിരിച്ചു കൊണ്ടാണ് പ്രതികരിച്ചത്, എന്നാൽ മത്സരത്തിന് ശേഷം റൊണാൾഡോ തന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.

അതിനിടയിൽ തങ്ങളുടെ ടീമിനോട് റൊണാൾഡോയുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന മെസിയെ സ്വന്തമാക്കാൻ പറയുന്ന ബോർഡുകളും അൽ ഇത്തിഹാദ് ആരാധകർ ഉയർത്തിയിരുന്നു. റൊണാൾഡോ സൗദി ലീഗിലേക്ക് ചേക്കേറിയതിനു പിന്നാലെ ലയണൽ മെസിയും സൗദി ക്ലബുകളിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു ക്ലബിന്റെ ആരാധകർ അതിനായി ആവശ്യപ്പെടുന്നത് ആദ്യമായാണ്.

മത്സരത്തിൽ റൊണാൾഡോയുടെ ടീമിനെ തോൽപ്പിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് വന്നതിനു ശേഷം അൽ ഇത്തിഹാദ് ക്ലബ് സോഷ്യൽ മീഡിയയിലൂടെയും റൊണാൾഡോയെ കളിയാക്കിയിരുന്നു. റൊണാൾഡോയെ അൽ ഇത്തിഹാദ് താരം ടാക്കിൾ ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്‌ത്‌ “റൊണാൾഡോ എവിടെ” എന്നാണു അൽ ഇത്തിഹാദ് പോസ്റ്റ് ചെയ്‌തത്‌. നിർണായകമായ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞതുമില്ലായിരുന്നു.