നീതിക്കു വേണ്ടി ബ്ലാസ്റ്റേഴ്‌സ് നടത്തിയ പോരാട്ടത്തിനു കേരളത്തിൽ നിന്നും കളിയാക്കൽ, ഇതു കൂടിപ്പോയെന്ന് ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയൊരു വിവാദത്തിനു തുടക്കമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരം ബഹിഷ്‌കരിച്ചത്. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ താരങ്ങളെ മത്സരത്തിൽ നിന്നും പിൻവലിക്കുകയായിരുന്നു. ഇതോടെ ബെംഗളൂരു മത്സരത്തിൽ വിജയിച്ചതായി മാച്ച് കമ്മീഷണർ പ്രഖ്യാപിച്ചു.

മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധിയാളുകൾ രംഗത്തു വന്നിരുന്നു. എന്നാൽ അതിനൊപ്പം തന്നെ ഈ പ്രതിഷേധം ഇന്ത്യൻ സൂപ്പർലീഗിലെ റഫറിയിങ്ങിനെ മാറ്റിമറിക്കാൻ പോകുന്ന ഒന്നാകുമെന്നതിൽ ആർക്കും യാതൊരു സംശയവുമില്ലായിരുന്നു. അതേസമയം നീതിക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ഈ പ്രതിഷേധത്തിന് കേരളത്തിൽ നിന്ന് തന്നെ കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന കേരള പ്രീമിയർ ലീഗ് മത്സരത്തിനിടെ ഗോകുലം കേരള ഫുട്ബോൾ ക്ലബിന്റെ ആരാധകരാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കിയത്. മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിനോട് കളി ബഹിഷ്‌കരിച്ച് പോകൂ എന്നാണു വിവാദസംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗോകുലം കേരളയുടെ കാണികൾ ഗ്യാലറിയിൽ നിന്ന് ആവശ്യപ്പെട്ടത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു.

ഒരു ബാന്റർ എന്ന നിലയിൽ ആരാധകരുടെ കളിയാക്കൽ കുഴപ്പമില്ലെങ്കിലും നീതിക്കു വേണ്ടിയുള്ള ഒരു പോരാട്ടത്തെയാണ് ഗോകുലം കേരള ഫാൻസ്‌ കളിയാക്കിയതെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന് ഗോകുലം കേരളയോട് പകരം വീട്ടാനുള്ള അവസരമുണ്ട്. കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർകപ്പ് മത്സരത്തിൽ രണ്ടു ടീമുകളും പരസ്‌പരം ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്.