VAR നടപ്പിലാക്കാൻ ഫണ്ടില്ലെന്നു പറഞ്ഞതിനു പിന്നാലെ AIFF ജനറൽ സെക്രട്ടറിയെ പുറത്താക്കി, ഒരു പ്രഖ്യാപനവും അടുത്തു തന്നെയുണ്ടാകും | AIFF

ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരനെ പുറത്താക്കാനുള്ള തീരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എടുത്തു. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനത്തു നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എഐഎഫ്എഫ് പ്രസിഡന്റായ കല്യാൺ ചൗബേ ഈ തീരുമാനത്തിന് അനുവാദം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായ സത്യനാരായണൻ താൽക്കാലികമായി സെക്രട്ടറി ജനറലായി സേവനമനുഷ്‌ഠിക്കും.

പ്രസിഡന്റായ കല്യാൺ ചൗബെയുമായി തുടർച്ചയായി അഭിപ്രായവ്യത്യാസങ്ങൾ വരുന്നതിനെ തുടർന്നാണ് ഷാജി പ്രഭാകരനെ പുറത്താക്കിയതെന്നാണ് ന്യൂസ് നയൻ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ കേന്ദ്രത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഷാജി പ്രഭാകരന്റെ പുറത്താക്കലിലൂടെ അത് സത്യമാണെന്ന് വ്യക്തമാവുകയാണ്. AIFF ആയി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യം സത്യമാണെന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം VAR സാങ്കേതികവിദ്യ ഇന്ത്യയിൽ നടപ്പിലാക്കാനുള്ള ഫണ്ട് തങ്ങളുടെ കയ്യിലില്ലെന്ന് ഷാജി പ്രഭാകരൻ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചക്കായി ഫണ്ടുകൾ കൃത്യമായി അനുവദിക്കുന്നില്ലെന്ന വിമർശനം അതിലുള്ളത് കൊണ്ടാണോ ഷാജി പ്രഭാകരനെ ധൃതി പിടിച്ച് പുറത്താക്കിയതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഒരു മാസത്തിൽ പന്ത്രണ്ടര ലക്ഷം രൂപ ശമ്പളം വാങ്ങിയാണ് ഷാജി പ്രഭാകരൻ എഐഎഫ്എഫ് ജനറസ് സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ഇത്രയും തുക പ്രതിഫലം വാങ്ങുന്നവർ ഇന്ത്യയിലെ ഫുട്ബോളിന്റെ വളർച്ചക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നതിനാൽ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനത്തെ അനുകൂലിക്കുന്നവരുമുണ്ട്. എന്നാൽ ഇതിലെ യഥാർത്ഥ വസ്‌തുതകൾ എന്താണെന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

അതിനിടയിൽ ഇന്ത്യൻ ഫുട്ബോളിൽ നിന്നും ഏതാനും വനിതാ താരങ്ങൾ യൂറോപ്പിലേക്ക് ചേക്കേറാൻ പോവുകയാണെന്ന നല്ലൊരു വാർത്ത മാർക്കസ് മെർഗുലാവോ പുറത്തു വിട്ടിട്ടുണ്ട്. അതിനൊപ്പം തന്നെ ഏതാനും ദിവസങ്ങളുടെ ഉള്ളിൽ എഐഎഫ്എഫ് വലിയൊരു പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറയുന്നു. ഷാജി പ്രഭാകരനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം വന്ന സ്ഥിതിക്ക് ഇത് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

AIFF Sacked General Secretary Shaji Prabhakaran