നായകനായപ്പോഴാണ് ലൂണയുടെ വിശ്വരൂപം കാണുന്നത്, ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ നിറഞ്ഞാടി യുറുഗ്വായ് താരം | Luna

അഡ്രിയാൻ ലൂണയെന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു വികാരമാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നാമത്തെ സീസൺ കളിക്കുന്ന താരം ഇതുവരെ ഒരിക്കൽപ്പോലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയിട്ടില്ല. ആദ്യത്തെ സീസണിൽ ഒപ്പമുണ്ടായിരുന്ന വിദേശതാരങ്ങളിൽ പലരും ക്ലബ് വിട്ടിട്ടും ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടർന്ന താരം അവിടെത്തന്നെ വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സീസണിൽ ടീമിന്റെ നായകനായി ലൂണയെ തിരഞ്ഞെടുക്കാൻ ആർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല.

നായകനായതിനു ശേഷം ഡബിൾ സ്ട്രോങ്ങായ അഡ്രിയാൻ ലൂണയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കളിക്കളത്തിൽ കാണുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്‌സ് കളിച്ച ആറു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്ന താരം അതിൽ അഞ്ചു മത്സരങ്ങളിലും ടീം നേടിയ ഗോളുകളിൽ പങ്കാളിയായി. മൂന്നു നിർണായകമായ ഗോളുകൾ നേടിയ താരം അതുപോലെ രണ്ടു ഗോളുകളിൽ പങ്കാളിയാവുകയും ചെയ്‌തു. രണ്ടു തവണ ഐഎസ്എൽ ടീം ഓഫ് ദി വീക്കിലും താരം ഇടം നേടിയിരുന്നു.

മുന്നേറ്റത്തിൽ മാത്രമല്ല മറിച്ച് പ്രതിരോധത്തെ സഹായിക്കാനും അഡ്രിയാൻ ലൂണക്ക് കഴിയുന്നുണ്ടെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ഗുണം. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഏറ്റവുമധികം കഠിനാധ്വാനം ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് ലൂണ. കഴിഞ്ഞ മത്സരത്തിലെ താരത്തിന്റെ കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിച്ചതും ഏറ്റവുമധികം ടാക്കിളുകൾ നടത്തിയതും അഡ്രിയാൻ ലൂണയാണ്.

കഴിഞ്ഞ മത്സരത്തിൽ നാല് കീ പാസുകൾ നൽകിയ താരം നാല് ടാക്കിളുകളാണ് നടത്തിയത്. ഇതിനു പുറമെ നാല് ഇന്റർസെപ്‌ഷനും നടത്തിയ താരം ഡൈസുകെ നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. കഴിഞ്ഞ മത്സരത്തിൽ മാത്രമല്ല, ഇതുവരെ നടന്ന മത്സരങ്ങളില്ലാം തന്നെ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ലൂണയായിരുന്നു. ഒഡിഷ എഫ്‌സിക്കെതിരെ ഗോളെന്നുറപ്പിച്ച ഒരു നീക്കം താരം ടാക്കിൾ ചെയ്‌ത്‌ ഇല്ലാതാക്കിയത് ആരാധകർ ഒരിക്കലും മറക്കില്ല.

ടീമിന്റെ നായകനായതോടെ അഡ്രിയാൻ ലൂണ കൂടുതൽ മികവ് കാണിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഈ സീസണിൽ താരം നടത്തുന്ന പ്രകടനത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. തന്നിൽ കൂടുതൽ ഉത്തരവാദിത്വം വന്നത് കൃത്യമായി മനസിലാക്കി അതിനനുസരിച്ചുള്ള നിലവാരം കാത്തു സൂക്ഷിക്കാൻ യുറുഗ്വായ് താരത്തിന് കഴിയുന്നുണ്ട്. ഈ സീസണിൽ ഒരു കിരീടം കൂടി ടീമിന് നൽകാൻ താരത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Adrian Luna Giving Everything To Kerala Blasters