പോർച്ചുഗീസ് പരിശീലകന് അർജന്റീന താരങ്ങളെ ജീവനാണ്, ലോകകപ്പിനു ശേഷമുണ്ടായ സംഭവം വെളിപ്പെടുത്തി ഡിബാല | Dybala

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് പിന്തുണ നൽകിയിരുന്നത് അർജന്റീന ആരാധകർ മാത്രമല്ല, മറിച്ച് ലോകകപ്പിൽ കളിച്ച വിവിധ ടീമുകളുടെ ആരാധകരും മുൻ താരങ്ങളും, എന്തിനു നിലവിൽ കളിക്കുന്ന താരങ്ങൾ വരെ ഒരു ഘട്ടത്തിൽ അർജന്റീന തന്നെ കിരീടം നേടണമെന്ന് ആഗ്രഹിച്ചവരാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി ലോകകിരീടം സ്വന്തമാക്കണമെന്ന ആഗ്രഹമാണ് അർജന്റീനക്ക് പിന്തുണ വർധിക്കാൻ കാരണമായത്.

അർജന്റീന ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ച വ്യക്തികളിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരനായ പരിശീലകൻ ഹോസെ മൊറീന്യോയും ഉണ്ടായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ദിബാല വെളിപ്പെടുത്തിയത്. തന്റെ ലോകകപ്പ് നേട്ടത്തോട് മൗറീന്യോ എങ്ങിനെയാണ് പ്രതികരിച്ചത് എന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകകപ്പ് നേടിക്കഴിഞ്ഞപ്പോൾ തനിക്ക് ആദ്യം വന്ന കോളുകളിൽ ഒന്ന് മൗറീന്യോയുടെത് ആയിരുന്നുവെന്നാണ് ഡിബാല പറയുന്നത്.

“ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനൽ അവസാനിച്ചതിന് ശേഷം ഞാൻ ഉത്തേജക പരിശോധനക്കായി സാമ്പിൾ എടുക്കുന്ന റൂമിൽ പോയി അവിടെ നിന്നും ലോക്കർ റൂമിൽ എത്തിയതിനു ശേഷമാണ് എന്റെ മൊബൈൽ ഫോൺ എടുത്തത്. എന്റെ കുടുംബക്കാരോട് സംസാരിക്കുന്നതിനു വേണ്ടിയാണ് ഞാൻ മൊബൈൽ ഫോൺ എടുത്തെങ്കിലും ആ സമയത്ത് ഫോണിൽ മൗറീന്യോയുടെ അഞ്ചു മിസ്കോളുകൾ കിടപ്പുണ്ടായിരുന്നു.” ഡിബാല കഴിഞ്ഞ ദിവസം പറഞ്ഞു.

“എന്റെ അമ്മയെ വിളിക്കുന്നതിനേക്കാൾ മുൻപ് അദ്ദേഹത്തെ വിളിക്കണമെന്നാണ് ഞാൻ കരുതിയത്. അർജന്റൈൻ താരങ്ങളെ വളരെയധികം ഇഷ്‌ടമുള്ള മൗറീന്യോ ടീമിന്റെ വിജയത്തിൽ വളരെയധികം സന്തോഷവാനായിരുന്നു. ഡി മരിയയെക്കുറിച്ചും മെസിയെക്കുറിച്ചും അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ എല്ലായിപ്പോഴും പറയാറുണ്ട്. അവരെ അദ്ദേഹം വളരെ ഇഷ്‌ടപ്പെടുന്നു. പൊതുവെ അർജന്റീന താരങ്ങളോട് അദ്ദേഹത്തിനോട് പ്രതിപത്തിയുണ്ട്.” ഡിബാല പറഞ്ഞു.

ഏഞ്ചൽ ഡി മരിയ മൗറീന്യോക്ക് കീഴിൽ കളിച്ചിട്ടുള്ള താരമാണെങ്കിലും ലയണൽ മെസി ഇതുവരെ അദ്ദേഹത്തിന് കീഴിൽ ഇറങ്ങിയിട്ടില്ല. അതേസമയം മൗറീന്യോക്ക് എതിരെ നിരവധി തവണ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തിട്ടുണ്ടെങ്കിലും അർജന്റൈൻ താരത്തെ പോർച്ചുഗീസ് പരിശീലകൻ വളരെയധികം ഇഷ്‌ടപെടുന്നുണ്ട്. ഇപ്പോൾ ഡിബാലയുടെ വാക്കുകൾ അതൊരിക്കൽക്കൂടി തെളിയിക്കുന്നു.

Dybala Says Mourinho Love Argentines