മെസിയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച പ്രതിരോധതാരത്തെ അർജന്റീന ടീമിലെത്തിക്കാൻ സ്‌കലോണി, ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സ്‌ക്വാഡിലുൾപ്പെടുത്താൻ സാധ്യത | Scaloni

തന്നെ തടുക്കാൻ വരുന്ന പ്രതിരോധതാരങ്ങളെയെല്ലാം വട്ടം കറക്കിയിട്ടുള്ള താരമാണ് ലയണൽ മെസി. എതിരാളികളെ നിഷ്പ്രയാസം മറികടന്നു കുതിക്കാൻ കഴിവുള്ള ലയണൽ മെസിയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച പ്രതിരോധതാരം ആരായിരിക്കുമെന്ന ചോദ്യം ആരാധകരുടെ ഇടയിലുണ്ടാകും. 2020ൽ ലയണൽ മെസി ഇതിനു മറുപടി നൽകിയിരുന്നു. അന്ന് സ്‌പാനിഷ്‌ ക്ലബായ ജിറോണയിൽ കളിച്ചിരുന്ന പാബ്ലോ മാഫിയോ ആണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുകയും അലോസരപ്പെടുത്തുകയും ചെയ്‌തതെന്നാണ്‌ മെസി പറഞ്ഞത്.

ഫോർഫോർടുവിനു നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ എതിരെ വരുന്ന പ്രതിരോധതാരങ്ങളെക്കുറിച്ച് പരാതികൾ പറയുന്നയാളല്ലെന്നും എന്നാൽ മാഫിയോയുമായുള്ള പോരാട്ടം വളരെ തീവ്രവും ബുദ്ധിമുട്ടേറിയതുമായിരുന്നു എന്നാണു മെസി പറഞ്ഞത്. അന്നു മെസിയെ കൃത്യമായി മെസിയെ മാൻമാർക്ക് ചെയ്‌ത താരം നിലവിൽ സ്‌പാനിഷ്‌ ക്ലബായ മയോർക്കയിലാണ് കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോണിൽ ജിറോണക്കായി കളിച്ച താരം പിന്നീട് മയോർക്കയിൽ എത്തുകയായിരുന്നു.

അന്ന് മെസി പ്രശംസിച്ച റൈറ്റ് ബാക്കായ മാഫിയോയുടെ കരിയറിൽ വലിയൊരു വഴിത്തിരിവ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. താരത്തെ അർജന്റീന ടീമിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ പരിശീലകനായ ലയണൽ സ്‌കലോണി നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പെയിനിൽ ജനിച്ച താരത്തിന്റെ മാതാവ് അർജന്റീക്കാരിയാണെന്ന സാധ്യത ഉപയോഗിച്ചാണ് താരത്തെ അർജന്റീന ടീമിലെത്തിക്കാൻ സ്‌കലോണി ഒരുങ്ങുന്നത്.

ഇരുപത്തിയാറുകാരനായ പാബ്ലോ മാഫിയോയുമായി സ്‌കലോണി ഇക്കാര്യം ചർച്ച ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളെല്ലാം കൃത്യമായി മുന്നോട്ടു പോയാൽ താരം അർജന്റീന ടീമിനായി കളിക്കുന്ന കാലം ഒട്ടും വിദൂരമല്ല. പേപ്പർ വർക്കുകൾ കൃത്യമായാൽ ഈ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ തന്നെ പാബ്ലോ മാഫിയോ അർജന്റീന ടീമിനായി ബൂട്ടുകെട്ടുമെന്നാണ് സൂചനകൾ.

നിലവിൽ അർജന്റീന ടീമിന്റെ റൈറ്റ് ബാക്കുകളായ ഗോൺസാലോ മോണ്ടിയാൽ, യുവാൻ ഫോയ്ത്ത് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടാണ് മാഫിയോയെ ടീമിലുൾപ്പെടുത്താൻ സ്‌കലോണി ഒരുങ്ങുന്നത്. സ്പെയിനിന്റെ അണ്ടർ 16 മുതൽ അണ്ടർ 21 വരെയുള്ള ടീമുകളിൽ കളിച്ചിട്ടുള്ള പാബ്ലോ മാഫിയോക്ക് മെസിയുടെ കൂടെ കളിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. താരം ടീമിൽ ഉണ്ടാകുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

Scaloni May Call Up Pablo Maffeo To Argentina Squad