എഎഫ്‌സി കപ്പിൽ ഒഡിഷ എഫ്‌സിക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ, നന്ദി പറഞ്ഞു ചിത്രങ്ങൾ പങ്കുവെച്ച് ഒഡിഷ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഉണ്ടാവില്ല. ഓരോ വർഷം കഴിയുന്തോറും കൂടുതൽ കൂടുതൽ കരുത്തുറ്റതായി മാറുന്ന ഈ ആരാധകക്കൂട്ടത്തിന്റെ ഒപ്പമെത്താൻ നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ക്ലബുകൾക്ക് പോലും കഴിയുന്നില്ല. സ്വന്തം ടീമിന് പിന്തുണ നൽകുന്നതിനൊപ്പം തന്നെ ഇന്ത്യൻ ഫുട്ബോളിൽ വലിയ രീതിയിലുള്ള മാറ്റം വരുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പിന്തുണ നൽകുന്നത് സ്വന്തം ടീമിന് മാത്രമല്ലെന്നതാണ് ഏറ്റവും മനോഹരമായ കാര്യം. കഴിഞ്ഞ ദിവസം എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് മത്സരത്തിൽ ഐഎസ്എൽ ടീമുകളിലൊന്നായ ഒഡിഷ എഫ്‌സി കളിച്ചിരുന്നു. മാലിദ്വീപ് ക്ലബായ മാസിയക്കെതിരെ നടന്ന ഒഡിഷയുടെ എവേ മത്സരത്തിൽ ഏതാനും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒഡിഷ എഫ്‌സിക്ക് പിന്തുണ നൽകാൻ ഇന്ത്യൻ പതാകയുമായി എത്തിയിരുന്നു.

ഒഡിഷ എഫ്‌സി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാലിദ്വീപിൽ തങ്ങൾക്ക് പിന്തുണയുമായി എത്തിയ കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഒഡിഷ എഫ്‌സിക്ക് പിന്തുണയുമായി എത്തിയ ആരാധകർക്കൊപ്പം ടീമിന്റെ പ്രതിരോധതാരമായ മൗർത്താഡ ഫാൾ സെൽഫി എടുക്കുന്ന വീഡിയോയും ടീമിന്റെ മുന്നേറ്റനിര താരമായ റോയ് കൃഷ്‌ണ അവർക്കൊപ്പം എടുത്ത ചിത്രവും ഒഡിഷ എഫ്‌സി തങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു.

ഏഷ്യൻ കപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്നു ഒഡിഷ എഫ്‌സി അത് സ്വന്തമാക്കുകയും ചെയ്‌തു. പിന്നിൽ നിന്നും തിരിച്ചടിച്ചാണ് അവർ വിജയം നേടിയത്. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു അവർ രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. മൗർത്താഡ ഫാൾ, ഡീഗോ മൗറീസിയോ, റോയ് കൃഷ്‌ണ എന്നിവരാണ് ഒഡിഷയുടെ ഗോളുകൾ നേടിയത്. ഇതോടെ ഗ്രൂപ്പിൽ ബാഷുന്ധര കിങ്‌സ്, മോഹൻ ബഗാൻ എന്നിവർക്ക് ഒരു പോയിന്റ് മാത്രം പിന്നിലാണ് ഒഡിഷ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം അഭിമാനിക്കാൻ വക നൽകുന്ന ഒരു കാര്യമാണ് മാലിദ്വീപിലെ ആരാധകർ ചെയ്‌തതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എതിരാളികളെ തങ്ങളുടെ ശത്രുക്കളായി കാണാതെ അവർക്ക് പിന്തുണ നൽകിയത് വലിയൊരു സന്ദേശമാണ് നൽകുന്നത്. അതിനു പുറമെ ക്ലബുകൾക്കും അത് ഉൾക്കൊള്ളുന്ന അതിർത്തികൾക്കും അപ്പുറത്ത് കേരളത്തിലെ ആരാധകർ എന്നും ഫുട്ബോളിനെയാണ് നെഞ്ചേറ്റുന്നതെന്നു തെളിയിക്കാനും ഇതിനു കഴിഞ്ഞു.

Kerala Blasters Fans Cheer For Odisha FC In AFC Cup