ഫ്രാൻസിനെതിരെ സെമി കളിച്ചിരുന്നെങ്കിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായേനെ, റൊണാൾഡോ തന്നെ മനസിലാക്കിയില്ലെന്ന് ഫെർണാണ്ടോ സാന്റോസ് | Ronaldo

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താൻ പോർച്ചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് തീരുമാനിച്ചത്. സ്വിറ്റ്സർലണ്ടിനെതിരെ പ്രീ ക്വാർട്ടറിൽ റൊണാൾഡോയെ പുറത്തിരുത്തിയപ്പോൾ ടീം മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ക്വാർട്ടറിൽ മൊറോക്കോക്കെതിരെ ആ തീരുമാനം വിജയം കണ്ടില്ല. ഒരേയൊരു ഗോളിന്റെ ലീഡിൽ മൊറോക്കോ വിജയം നേടി പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി.

പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ പരിശീലകനായ സാന്റോസ് വലിയ വിമർശനങ്ങളാണ് ഏറ്റു വാങ്ങിയത്. റൊണാൾഡോയെപ്പോലൊരു താരത്തെ നിർണായകമായ മത്സരങ്ങളിൽ കളിപ്പിക്കാതിരുന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ ലൂയിസ് ഫിഗോ അടക്കമുള്ളവർ ചോദ്യം ചെയ്‌തു. ലോകകപ്പിനു പിന്നാലെ പോർച്ചുഗൽ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം അദ്ദേഹം ലോകകപ്പിലെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“ഞാൻ അങ്ങനെയൊരു തീരുമാനം എടുക്കണമായിരുന്നു, അത് തന്ത്രങ്ങളുടെ ഭാഗമായുള്ള ഒരു തീരുമാനം ആയിരുന്നു. ടീമിനെക്കുറിച്ചാണ് ഞാൻ ആദ്യമായി ചിന്തിക്കേണ്ടത്. തന്ത്രപരമായി നോക്കുമ്പോൾ അത് ഏറ്റവും മികച്ചതാകുമെന്നാണ് ഞാൻ കരുതിയത്. എന്റെ ടെക്‌നിക്കൽ ടീമുമായി ഞാൻ ചർച്ചകൾ നടത്തിയിരുന്നു, അതൊരു എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല. ഞങ്ങൾ മൊറോക്കോയെ തോൽപ്പിച്ച് അടുത്ത മത്സരത്തിൽ ഫ്രാൻസിനെതിരെ ഇറങ്ങുകയായിരുന്നെങ്കിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമായിരുന്നു.”

“താരത്തെ സംബന്ധിച്ച് അത് മോശം സമയമായിരുന്നു. താരത്തിന് താളം ഉണ്ടായിരുന്നില്ല. ലോകകപ്പിനു മുൻപുള്ള മത്സരങ്ങളും ടൂർണമെന്റിലെ ആദ്യത്തെ മത്സരങ്ങളിലും അത് തിരിച്ചു കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചു. ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നു പറയാൻ ഞാൻ താരത്തെ വിളിച്ചപ്പോൾ എന്റെ തീരുമാനത്തെ റൊണാൾഡോ തെറ്റായി മനസിലാക്കി. എന്നാൽ ഇന്നാണെങ്കിലും ഞാൻ ആ തീരുമാനം തന്നെയാകും എടുക്കുകയെന്നുറപ്പാണ്.” അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് ശേഷം താനും റൊണാൾഡോയും തമ്മിൽ സംസാരിച്ചിട്ടില്ലെന്നു പറഞ്ഞ സാന്റോസ് താരവുമായുള്ള സൗഹൃദം അതുപോലെ തന്നെ നിലനിൽക്കുമെന്നും വ്യക്തമാക്കി. ലോകകപ്പിന് ശേഷം പോളണ്ട് ടീമിനെ പരിശീലിപ്പിച്ചിരുന്ന അദ്ദേഹം അവിടെ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അതേസമയം പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ പോർച്ചുഗൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ലോകകപ്പിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും പോർച്ചുഗൽ വിജയം നേടിയിട്ടുണ്ട്.

Santos Says Ronaldo Blanked Him After World Cup