മരണഗ്രൂപ്പിൽ കാര്യങ്ങൾ കുഴഞ്ഞുമറിയുന്നു, പിഎസ്‌ജിയടക്കം ഏതു ടീമും പുറത്തു പോയേക്കാം | UCL

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മരണഗ്രൂപ്പ് ഏതാണെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എംബാപ്പയടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന പിഎസ്‌ജിക്കൊപ്പം ബൊറൂസിയ ഡോർട്ട്മുണ്ട്, പ്രീമിയർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ ന്യൂകാസിൽ, ഇറ്റാലിയൻ കരുത്തരായ എസി മിലാൻ എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പ് എഫായിരിക്കും ചാമ്പ്യൻസ് ലീഗിലെ മരണഗ്രൂപ്പെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. അത് അക്ഷരാർത്ഥത്തിൽ ശരിയാക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്.

ഇന്നലെ ഗ്രൂപ്പ് എഫിൽ നടന്ന മത്സരങ്ങളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ന്യൂകാസിൽ യുണൈറ്റഡിനെതിരെയും എസി മിലാൻ പിഎസ്‌ജിക്കെതിരെയും വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എഫിലെ സാഹചര്യങ്ങൾ സങ്കീർണമായിട്ടുണ്ട്. നിലവിൽ നാല് മത്സരങ്ങൾ പൂർത്തിയായ ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഏഴു പോയിന്റുമായും പിഎസ്‌ജി ആറു പോയിന്റുമായും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. എന്നാൽ ഇതിലാർക്കും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്ന് ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഡോർട്ട്മുണ്ടിന് ഏഴും പിഎസ്‌ജിക്ക് ആറും പോയിന്റുള്ളപ്പോൾ മൂന്നാം സ്ഥാനത്തു നിൽക്കുന്ന എസി മിലാൻ അഞ്ചു പോയിന്റുമായി ഇവർക്ക് മേൽ സമ്മർദം ചെലുത്തുന്നു. അതിന്റെ തൊട്ടു പിന്നിൽ നാല് പോയിന്റുമായി ന്യൂകാസിൽ യുണൈറ്റഡുമുണ്ട്. അടുത്ത റൌണ്ട് മത്സരങ്ങളിൽ പിഎസ്‌ജി ന്യൂകാസിലിനെയും എസി മിലാൻ ഡോർട്ട്മുണ്ടിനെയും നേരിടും. അതിൽ ന്യൂകാസിൽ യുണൈറ്റഡും എസി മിലാനും വിജയം നേടിയാൽ അന്തിമറൗണ്ടിന് ശേഷമേ ഏതെങ്കിലും ടീം യോഗ്യത നേടുകയുള്ളൂ.

അവസാനത്തെ റൗണ്ടിൽ ബൊറൂസിയ ഡോർട്ട്മുണ്ടും പിഎസ്‌ജിയും തമ്മിലും ന്യൂകാസിലും എസി മിലാനും തമ്മിലുമാണ് മത്സരം നടക്കുക. അടുത്ത റൌണ്ട് മത്സരങ്ങളാണ് ഇതിൽ നിർണായകമാവുക. അതിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനും സ്വന്തം മൈതാനത്ത് പിഎസ്‌ജിക്കും വിജയിക്കാൻ കഴിഞ്ഞാൽ അവർക്ക് അടുത്ത ഘട്ടം ഉറപ്പിക്കാൻ കഴിയും. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനോട് നാല് ഗോളുകൾക്ക് തോറ്റ പിഎസ്‌ജിക്കും എസി മിലൻറെ മൈതാനത്ത് കളിക്കാൻ പോകുന്ന ഡോർട്ട്മുണ്ടിനും അത് എളുപ്പമല്ല.

അടുത്ത റൌണ്ട് മത്സരത്തിൽ ഒരു സമനില പോലും പിഎസ്‌ജിക്ക് തിരിച്ചടിയാണ്. കാരണം അതിനടുത്ത മത്സരം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മൈതാനത്താണ് അവർ കളിക്കേണ്ടത്. ന്യൂകാസിലിനെതിരെ പിഎസ്‌ജി സമനില വഴങ്ങി എസി മിലാൻ അടുത്ത റൗണ്ടിൽ ഡോർട്ട്മുണ്ടിനെയും ഡോർട്ട്മുണ്ട് അതിനടുത്ത റൗണ്ടിൽ പിഎസ്‌ജിയെയും തോൽപ്പിച്ചാൽ പിഎസ്‌ജി യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യമുണ്ടാകും. എന്തായാലും എല്ലാവരും ഉറ്റുനോക്കുന്ന ഗ്രൂപ്പായി ഇത് മാറിയിട്ടുണ്ട്.

Every Team Has Still Chance In UCL Group F