ഇന്ത്യൻ വംശജരായ 24 വിദേശതാരങ്ങളെ ദേശീയ ടീമിലെത്തിക്കാൻ പദ്ധതി, ഇന്ത്യൻ ഫുട്ബോൾ വളർത്താൻ എഐഎഫ്എഫിന്റെ ഗംഭീരനീക്കം | AIFF

ഒരു രാജ്യത്തിന് വേണ്ടി യൂത്ത് ടീമിൽ കളിക്കുന്ന താരങ്ങൾ സീനിയർ ടീമിലെത്തുമ്പോഴേക്കും രാജ്യം മാറുന്നത് ലോക ഫുട്ബോളിൽ വളരെ സ്വാഭാവികമായി നടക്കാറുള്ള ഒന്നാണ്. അതിനൊരു പ്രധാന ഉദാഹരണമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അലസാൻഡ്രോ ഗർനാച്ചോ. സ്പെയിനിനു വേണ്ടി വിവിധ യൂത്ത് ടീമുകളിൽ കളിച്ച താരം ഇപ്പോൾ സീനിയർ തലത്തിൽ അർജന്റീന ദേശീയ ടീമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

താരങ്ങളുടെ മുൻതലമുറയിൽ പെട്ടവർ തങ്ങളുടെ രാജ്യത്ത് ജനിച്ചവരാണെങ്കിൽ അതുവഴി അവർക്ക് പൗരത്വം നൽകിയാണ് ഇത്തരത്തിൽ ദേശീയടീമിലേക്ക് എത്തിക്കുന്നത്. ഇത്തരം താരങ്ങൾക്ക് ഇരട്ടപൗരത്വം ഉണ്ടായിരിക്കും. സമാനമായ രീതി ഇന്ത്യൻ ഫുട്ബോളിലും അവലംബിക്കാനുള്ള പദ്ധതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുണ്ടെന്നാണ് പ്രസിഡന്റായ കല്യാൺ ചൗബേ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കല്യാൺ ചൗബേ പറയുന്നത് പ്രകാരം ഇന്ത്യൻ വംശജരായ, വിദേശത്തെ വിവിധ ലീഗുകളിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇരുപത്തിനാലു താരങ്ങളെ എഐഎഫ്എഫ് നോട്ടമിട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ ഇരട്ടപൗരത്വം ലഭിക്കുകയില്ലെന്ന പ്രതിസന്ധി അതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ നിയമങ്ങളെ ബാധിക്കാതെ ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് അദ്ദേഹം ആലോചിക്കുന്നത്.

മറ്റു രാജ്യങ്ങളിലെന്ന പോലെ ഇന്ത്യൻ ടീമിലേക്ക് വിദേശരാജ്യങ്ങളിൽ കളിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങളെ എത്തിക്കാനുള്ള പ്രധാന തടസമാണ് കല്യാൺ ചൗബേ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇരട്ടപൗരത്വം അനുവദനീയമായ ഒന്നല്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ഒരാൾ കളിക്കണമെങ്കിൽ അപ്പുറത്തുള്ള രാജ്യത്തെ പൗരത്വം ഉപേക്ഷിക്കേണ്ടി വരും. ഈ നിയമം മാറിയാൽ ഇന്ത്യയിൽ കളിക്കാൻ നിരവധി മികച്ച താരങ്ങളുണ്ടാകും.

ഈ നിയമം മാറ്റാനുള്ള ഇടപെടൽ എഐഎഫ്എഫ് നടത്തിയാൽ അത് വലിയൊരു ഗുണമാണ്. നിലവിൽ യൂറോപ്പ് അടക്കമുള്ള ലോകത്തിലെ വിവിധ ലീഗുകളിൽ പ്രധാന ക്ലബുകൾക്ക് വേണ്ടി കളിക്കുന്ന നിരവധി ഇന്ത്യൻ വംശജരായ താരങ്ങളുണ്ട്. അവരെ ഇന്ത്യൻ ടീമിലെത്തിച്ചാൽ ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും എല്ലാം നിലവാരം ഉയരും. ഇന്ത്യ ലോകകപ്പ് കളിക്കുന്ന കാലവും വിദൂരമാകില്ല.

AIFF To Approach 24 Indian Origin Players Across The World