കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ളത് ആഴ്‌സണൽ മാത്രം, എമറിക്ക് കീഴിൽ അവിശ്വസനീയ കുതിപ്പുമായി ആസ്റ്റൺ വില്ല | Unai Emery

ലോകഫുട്ബോളിൽ വളരെ അണ്ടർറേറ്റഡ് ആയൊരു പരിശീലകനായിരിക്കും സ്‌പാനിഷ്‌ മാനേജറായ ഉനെ എമറി. ഒരുപാട് നേട്ടങ്ങൾ പല ക്ലബുകളിലും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും യൂറോപ്പിലെ വമ്പൻ ടീമുകൾ വിശ്വസിച്ച് ഇദ്ദേഹത്തെ ജോലിയേൽപ്പിക്കാൻ തയ്യാറായിട്ടില്ല. പിഎസ്‌ജി, ആഴ്‌സണൽ എന്നിവരെ ഒഴിച്ചു നിർത്തിയാൽ യൂറോപ്പിലെ വമ്പൻ ക്ലബുകളെ കൂടുതൽ പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

എന്നാൽ താൻ പരിശീലിപ്പിച്ച ക്ളബുകളെ അവിശ്വസനീയമായ നേട്ടങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സെവിയ്യക്കൊപ്പം തുടർച്ചയായി മൂന്നു യൂറോപ്പ് ലീഗ് കിരീടങ്ങളാണ് എമറി സ്വന്തമാക്കിയിട്ടുള്ളത്. പിഎസ്‌ജിക്കൊപ്പം ലീഗ് അടക്കം ഏഴു കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം വിയ്യാറയലിനെ യൂറോപ്പ ലീഗ് വിജയത്തിലേക്കും ആഴ്‌സനലിനെ ഫൈനലിലേക്കും നയിക്കുകയും ചെയ്‌തിരിക്കുന്നു.

ഇത്രയും മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടും വമ്പൻ ക്ലബുകളുടെ ഓഫർ ലഭിച്ചിട്ടില്ലാത്ത അദ്ദേഹം ഇപ്പോൾ പരിശീലിപ്പിക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയെയാണ്. വിയ്യാറയലിൽ നിന്നും തീർത്തും അപ്രതീക്ഷിതമായി ആസ്റ്റൺ വില്ലയിലേക്ക് കഴിഞ്ഞ സീസണിനിടയിൽ എത്തിയ അദ്ദേഹത്തിന് കീഴിൽ ടീം അത്ഭുതങ്ങൾ കാണിച്ചു തുടങ്ങിയെന്ന് എല്ലാ ഫുട്ബോൾ ആരാധകർക്കും അറിയാവുന്ന കാര്യമാണ്.

മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടനം, ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ്, ആഴ്‌സണൽ തുടങ്ങിയ വമ്പൻ ക്ലബുകളുള്ള പ്രീമിയർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് എമറിയുടെ ആസ്റ്റൺ വില്ലയാണ്, ആഴ്‌സണൽ മാത്രമാണ് അവർക്കു മുന്നിൽ. കഴിഞ്ഞ സീസണിൽ ടീമിന്റെ പരിശീലകനായ അദ്ദേഹം ഇത്രയും പെട്ടന്ന് ഇത്ര വലിയ മാറ്റം ടീമിൽ ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

2023 വർഷത്തിൽ ഏറ്റവുമധികം പോയിന്റുകൾ നേടിയ പ്രീമിയർ ലീഗ് ക്ലബുകളെ എടുത്താൽ അതിൽ ആസ്റ്റൺ വില്ലക്കു മുന്നിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മാത്രമാണുള്ളത്. 2023ൽ ഇതുവരെ 81 പോയിന്റുകളാണ് ആസ്റ്റൺ വില്ല സ്വന്തമാക്കിയിരിക്കുന്നത്. ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിലെ ആദ്യത്തെ 50 മത്സരങ്ങളിൽ 29 എണ്ണത്തിൽ മാത്രം വിജയം നേടിയപ്പോൾ എമറി വില്ലക്കൊപ്പം 31 വിജയങ്ങളാണ് നേടിയത്.

ഈ വർഷത്തിൽ ആസ്റ്റൺ വില്ല പ്രീമിയർ ലീഗിലെ ഇരുപത്തിയഞ്ചു മത്സരങ്ങളിലാണ് വിജയം നേടിയിരിക്കുന്നത്. അവരുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റെക്കോർഡാണിത്. മറ്റു ക്ളബുകളെപ്പോലെ വമ്പൻ താരങ്ങൾ ഒന്നുമില്ലാത്ത ഒരു സ്‌ക്വാഡിനെ വെച്ചാണ് പ്രീമിയർ ലീഗ് പോലെയൊരു കളിക്കളത്തിൽ എമറി തന്റെ മികവ് കൃത്യമായി തെളിയിക്കുന്നത്.

സ്പെയിനിലും ഫ്രാൻസിലും ഇപ്പോൾ പ്രീമിയർ ലീഗിലും തന്റെ മികവ് കാണിക്കുന്ന എമറി യൂറോപ്പിലെ തന്നെ ഏറ്റവും പ്രയോഗികവാദിയായ പരിശീലകരിൽ ഒരാളാണ്. വിവിധമത്സരങ്ങളിൽ അദ്ദേഹം അവലംബിക്കുന്ന ശൈലി അത് കൃത്യമായി വരച്ചിടുന്നു. ടൂർണമെന്റുകൾ വിജയിക്കാനും വമ്പൻ ക്ളബുകളെ അട്ടിമറിക്കാനും അദ്ദേഹത്തിനുള്ള കഴിവും ശ്രദ്ധേയമാണ്.

ഈ സീസണിൽ ആസ്റ്റൺ വില്ല പ്രീമിയർ ലീഗ് വിജയിക്കുമോ, ഇംഗ്ലണ്ടിൽ എന്തെങ്കിലും കിരീടം നേടുമോ എന്നൊന്നും ഉറപ്പില്ല. എന്നാൽ അതിന്റെ പേരിൽ എമറിയുടെ മികവ് അളക്കാൻ കഴിയില്ല. നിലവിൽ തന്നെ അദ്ദേഹം തന്റെ കഴിവ് പ്രകടമാക്കി കഴിഞ്ഞു. ഒരു വമ്പൻ ക്ലബിനെയും പൂർണ അധികാരവും നൽകിയാൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സ്‌പാനിഷ്‌ പരിശീലകന് കഴിയും.

Unai Emery Working Magic With Aston Villa