ഇവൻ സഹലിന്റെ പകരക്കാരനല്ല, അതുക്കും മേലെ; മിന്നും പ്രകടനവുമായി ലക്ഷദ്വീപിന്റെ സ്വന്തം അയ്മൻ | Aimen
ഇന്ത്യൻ സൂപ്പർലീഗ് പത്താമത്തെ സീസണിന് തുടക്കം കുറിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കുകയും മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് താരം മൊഹമ്മദ് അയ്മനു അഭിനന്ദനപ്രവാഹം. ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ടു പോയ സഹൽ അബ്ദുൾ സമ്മദിനു പകരക്കാരൻ ആരെന്നാലോചിച്ച് ഇനി ബുദ്ധിമുട്ടേണ്ട കാര്യമില്ല. അതിനേക്കാൾ മികച്ചൊരു കളിക്കാരനെയാണ് അയ്മനിലൂടെ ലഭിച്ചിരിക്കുന്നത്.
വെറും ഇരുപതു വയസ് മാത്രം പ്രായമുള്ള തന്നിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ച് അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തുന്ന പ്രകടനമാണ് അയ്മൻ ബെംഗളൂരുവിനെതിരെ നടത്തിയത്. ഇതിനു മുൻപ് ബ്ലാസ്റ്റേഴ്സ് അക്കാദമി ടീമുകളിൽ കളിക്കുമ്പോഴും പ്രീ സീസണിൽ അൽ ജസീറക്കെതിരെയും അയ്മൻ നടത്തിയ പ്രകടനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇത്രയും മികച്ച കളി താരത്തിൽ നിന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
They called him Next Sahal 🙄
F*ck that, സഹലും പകലും ഒന്നുമല്ല. AIMEN he is.ഇതുപോലൊരു കളിയിൽ ഇത്രയും calm and composed ആയി കളിച്ച നമ്മുടെ മുത്ത്. Keep Going Aimen. 💛💙 pic.twitter.com/eWWXt9qQSW
— 4Ever KBFC (@jinume13) September 21, 2023
മികച്ച പന്തടക്കവും ഡ്രിബ്ലിങ് മികവു കൊണ്ട് എതിരാളികളെ വട്ടം കടക്കാനുള്ള കഴിവും ലക്ഷദ്വീപ് താരത്തിനുണ്ട്.മത്സരത്തിലുടനീളം താരം അത് പ്രകടമാക്കുകയും ചെയ്തു. മത്സരത്തിന്റെ തുടക്കത്തിൽ അഡ്രിയാൻ ലൂണ കഴിഞ്ഞാൽ ആരാധകരുടെ കയ്യടി ഏറ്റവുമധികം ലഭിച്ചത് അയ്മനായിരുന്നു. ഇവാൻ വുകോമനോവിച്ചിന്റെ 4-4-2 ഫോർമേഷനിൽ വിങ്ങിൽ കളിച്ച താരം ആവശ്യമുള്ള സമയത്ത് സെൻട്രലിലേക്ക് മുന്നേറുന്നതും മത്സരത്തിൽ കണ്ടു.
ഇംഗ്ലണ്ടിലെ ക്ലബുകളിലും ഓസ്ട്രേലിയൻ ദേശീയടീമിലും കളിച്ചിട്ടുള്ള ബെംഗളൂരു താരം റയാൻ വില്ല്യംസിനെ മത്സരത്തിൽ പിടിച്ചു കെട്ടാൻ അയ്മനു കഴിഞ്ഞുവെന്നതിൽ സംശയമില്ല. താരത്തെ പിൻവലിച്ചതിനു ശേഷമാണ് ബെംഗളൂരു മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയത്. അതുവരെ പഴുതുകളൊന്നും നൽകാതെ കളിച്ച ബ്ലാസ്റ്റേഴ്സ് ടീമിലെ നിർണായകമായ സാന്നിധ്യമായിരുന്നു താരം. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിലൂടെ കൂടുതൽ മികവിലേക്കുയരാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.
ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീമിലൂടെയാണ് മുഹമ്മദ് അയ്മൻ തന്റെ ഫുട്ബാൾ കരിയർ ഗൗരവത്തോടെ ആരംഭിക്കുന്നത്. അതിനു ശേഷം ഇന്ന് വരെ ടീമിനൊപ്പം തുടർന്ന താരം ബ്ലാസ്റ്റേഴ്സിന്റെ പല മത്സരങ്ങളിലും ബോൾ ബോയ് ആയി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ അതേ മൈതാനത്ത് ഒരുപാട് നാളായി കാത്തിരുന്ന അരങ്ങേറ്റം നടത്താൻ താരത്തിന് കഴിഞ്ഞു. അയ്മൻ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ സഹോദരൻ അസ്ഹർ ബ്ലാസ്റ്റേഴ്സിൽ പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്നു.
ഈ രണ്ടു താരങ്ങളും പോളണ്ടിൽ പരിശീലനം കഴിഞ്ഞവരാണ്. കേരള പ്രീമിയർ ലീഗ്, ഡ്യുറന്റ് കപ്പ് തുടങ്ങി നിരവധി ടൂർണമെന്റുകളിൽ ഇവർ ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇരുപതു വയസുള്ള അയ്മൻ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. ഇനി താരത്തെ തേച്ചുമിനുക്കിയെടുക്കാൻ ഇവാൻ വുകോമനോവിച്ചിന് കഴിഞ്ഞാൽ ഭാവിയിൽ ബ്ലാസ്റ്റേഴ്സിന്റെ മുഖമായി മാറാൻ കഴിയുന്ന ഒരു കളിക്കാരനായിരിക്കും മുഹമ്മദ് അയ്മൻ.
Mohammed Aimen Superb Debut In ISL For Kerala Blasters