കൊച്ചിയിലെ മഴയിൽ തീപാറിയ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരുവിനോട് പകരം വീട്ടി കൊമ്പന്മാർക്ക് വിജയം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ കീഴടക്കി പകരം വീട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ മൈതാനത്തു വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. കേവലമൊരു വിജയം എന്നതിലുപരിയായി ബെംഗളൂരുവിനു മേൽ വളരെയധികം ആധിപത്യം പുലർത്തിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ഈ സീസണിലേക്ക് പ്രതീക്ഷ വെക്കാൻ കഴിയുന്ന പ്രകടനമാണ് നടത്തിയത്.

ആദ്യമത്സരമായതിനാൽ തന്നെ കരുതലോടെയാണ് രണ്ടു ടീമുകളും കളിച്ചത്. അതുകൊണ്ടു തന്നെ കൂടുതൽ അവസരങ്ങളൊന്നും ആദ്യപകുതിയിൽ പിറന്നില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ആദ്യപകുതിയിൽ ഒരു പെനാൽറ്റി നിഷേധിക്കപ്പെട്ടിരുന്നു. ഡൈസുകയെ പെനാൽറ്റി ബോക്‌സിന് പുറത്തു വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുക്കുന്നതിനിടയിൽ ഡ്രിങ്കിച്ചിനെ ബെംഗളൂരു താരം ബോക്‌സിൽ വീഴ്ത്തിയെങ്കിലും റഫറിയതു പരിഗണിക്കാതെ കളി തുടരാൻ പറയുകയായിരുന്നു.

രണ്ടാംപകുതിയിൽ രണ്ടു ടീമുകളും കൂടുതൽ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നത് കണ്ടു. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് കൂടുതൽ മുന്നിട്ടു നിന്നിരുന്നത്. അതിന്റെ ഫലമായി അന്പത്തിരണ്ടാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ മുന്നിലെത്തി. ഒരു സെൽഫ് ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ മുന്നിലെത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് എടുത്ത ഫ്രീകിക്ക് ബെംഗളൂരു മധ്യനിര താരം കെസിയ വീൺഡോർപ്പിന്റെ ദേഹത്തു തട്ടി വലയിലേക്ക് കേറുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയതിനു ശേഷം ബെംഗളൂരുവിന്റെ ആക്രമണങ്ങൾ ഒന്ന് ശക്തമായി. സച്ചിൻ സുരേഷിന്റെ ഒരു തകർപ്പൻ സേവ് അറുപത്തിയഞ്ചാം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കുകയും ചെയ്‌തു. അഡ്രിയാൻ ലൂണയുടെ പ്രെസിങ്ങിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നിലെത്തുന്നത്. ഒരു മൈനസ് പാസ് നിയന്ത്രിക്കുന്നതിൽ ഗുർപ്രീതിനു പിഴച്ചപ്പോൾ മാരകവേഗതയിൽ ഓടിയെത്തിയ അഡ്രിയാൻ ലൂണ പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.

എൺപത്തിയൊമ്പതാം മിനുട്ടിലാണ് ബെംഗളൂരുവിന്റെ ഗോൾ പിറന്നത്. അതുവരെ ഉലയാതിരുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ ഒരു പ്രത്യാക്രമണത്തിലൂടെയാണ് ബെംഗളൂരു കീഴടക്കിയത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് സംഭവിച്ച ഒരു നേരിയ പിഴവ് തിരിച്ചടിയാവുകയായിരുന്നു. പകരക്കാരനായിറങ്ങിയ കർട്ടിസ് മെയിനാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ബെംഗളൂരു അതിനു ശേഷം സമനിലക്കായി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പഴുതൊന്നും നൽകിയില്ല.

ഈ സീസണിൽ ആരാധകർക്ക് തീർച്ചയായും പ്രതീക്ഷ വെക്കാൻ കഴിയുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ടീമിലെ പല പ്രധാന താരങ്ങളും പുറത്തിരിക്കെയാണ് ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആധികാരികമായ പ്രകടനം നടത്തിയത്. ആദ്യം മുതൽ അവസാനം വരെ ബ്ലാസ്റ്റേഴ്‌സിനായി ആരവം മുഴക്കിയ ആരാധകരുടെ സാന്നിധ്യവും വിജയത്തിൽ നിർണായകമായി.

Kerala Blasters Won Against Bengaluru FC