ജോവോ ഫെലിക്‌സിന്റെ ഉജ്ജ്വലഫോം, സന്തോഷത്തിനേക്കാൾ ആശങ്കയോടെ ബാഴ്‌സലോണ | Barcelona

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസമാണ് അത്ലറ്റികോ മാഡ്രിഡ് താരമായ ജോവോ ഫെലിക്‌സ് ബാഴ്‌സലോണയിൽ എത്തിയത്. താരത്തെ സ്വന്തമാക്കാനുള്ള പദ്ധതി ബാഴ്‌സലോണക്ക് തുടക്കത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും ഒസ്മാനെ ഡെംബലെ ക്ലബ് വിട്ടതോടെ പുതിയൊരു മുന്നേറ്റനിര താരത്തെ സ്വന്തമാക്കേണ്ടത് ആവശ്യമായി വന്നു. ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന ആഗ്രഹം ഫെലിക്‌സും വെളിപ്പെടുത്തിയതോടെ അവസാന ദിവസം ക്ലബ് ട്രാൻസ്‌ഫർ പൂർത്തിയാക്കുകയായിരുന്നു.

ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയതിനു ശേഷം മികച്ച പ്രകടനം നടത്താൻ ഫെലിക്‌സിനു കഴിഞ്ഞിട്ടില്ല. ചെൽസിയിൽ കുറച്ചു കാലം ലോണിൽ കളിച്ചിരുന്നെങ്കിലും അവിടെയും അതു തന്നെയായിരുന്നു അവസ്ഥ. എന്നാൽ ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം മിന്നുന്ന ഫോമിലാണ് ഫെലിക്‌സ് കളിച്ചു കൊണ്ടിരിക്കുന്നത്. ക്ലബിനായി രണ്ടു മത്സരങ്ങളിൽ മാത്രം സ്റ്റാർട്ട് ചെയ്‌ത താരം മൂന്നു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച ഫോമിൽ ഫെലിക്‌സ് ബാഴ്‌സലോണയിൽ കളിച്ചു കൊണ്ടിരിക്കുന്നത് ആരാധകർക്കും ടീമിനും സന്തോഷമാണെങ്കിലും അതിനൊപ്പം അവർക്കൊരു ആശങ്ക കൂടിയുണ്ട്. നിലവിൽ ഒരു വർഷത്തെ ലോൺ കരാറിലാണ് അത്ലറ്റികോ മാഡ്രിഡിൽ നിന്നും താരം ബാഴ്‌സയിലെത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഈ സീസൺ കഴിഞ്ഞാൽ താരം തിരികെ അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു പോകേണ്ടി വരും. കരാറിൽ ബൈ ക്ലോസ് ഇല്ലാത്തതിനാൽ പിന്നീട് താരത്തെ സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യം ബാഴ്‌സലോണക്ക് വന്നേക്കും.

ക്ലബ് റെക്കോർഡ് ട്രാൻസ്‌ഫർ ഫീസ് നൽകിയാണ് ഫെലിക്‌സിനെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ താരത്തെ ചെറിയ തുകക്ക് വിൽക്കാൻ അവർ ഒരിക്കലും തയ്യാറാകില്ല. ഫെലിക്‌സ് ബാഴ്‌സലോണയിൽ ഉജ്ജ്വലഫോമിൽ കളിക്കുന്നത് ഇപ്പോൾ തന്നെ പല ക്ലബുകളും നിരീക്ഷിച്ചു വരുന്നുണ്ട്. അടുത്ത സമ്മറിൽ അവർ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചാൽ അതിനെ വെല്ലുവിളിക്കാൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് കഴിയില്ലെന്നുറപ്പാണ്.

ബാഴ്‌സലോണ ഡ്രസിങ് റൂമിൽ ഇപ്പോൾ തന്നെ ഇതു സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്രയും നിലവാരമുള്ള ഒരു താരത്തെ നഷ്‌ടപ്പെടേണ്ടി വരുമോയെന്ന സംശയം താരങ്ങൾ പങ്കു വെക്കുന്നുണ്ട്. ഈ സീസണിൽ തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം വേണ്ടെന്നു വെച്ചാണ് ഫെലിക്‌സ് ബാഴ്‌സലോണയിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത സീസണിൽ അതിനു താരം തയ്യാറായേക്കില്ല. അതിനാൽ തന്നെ ഓരോ ഗോളുകൾ നേടുമ്പോഴും താരം ബാഴ്‌സലോണയിൽ നിന്നും അകലുകയാണ്.

Barcelona Have Concerns Over Joao Felix Good Form