ഈ ആരാധകപിന്തുണ മറ്റെവിടെയും ലഭിക്കില്ല, കേരള ബ്ലാസ്റ്റേഴ്‌സിൽ കരിയർ അവസാനിപ്പിക്കണമെന്ന് അഡ്രിയാൻ ലൂണ | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമേതാണെന്ന് ചോദിച്ചാൽ യാതൊരു സംശയവും കൂടാതെ അഡ്രിയാൻ ലൂണയുടെ പേരു വെളിപ്പെടുത്തും. രണ്ടു സീസണുകൾക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ചേക്കേറിയ യുറുഗ്വായ് താരം മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ മനസ് കവർന്നു. ഇന്ന് ഐഎസ്എൽ പുതിയ സീസണിന് ആരംഭം കുറിക്കാനിരിക്കെ ടീമിന്റെ ഈ സീസണിലെ നായകനായി തിരഞ്ഞെടുത്തതും ലൂണയെ തന്നെയാണ്.

മുപ്പത്തിയൊന്നുകാരനായ അഡ്രിയാൻ ലൂണ കഴിഞ്ഞ ദിവസം ഓഫ് ദി ടോപിക് ചാനലിനോട് സംസാരിക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം താരം നടത്തുന്നുണ്ടെങ്കിലും കരിയറിന്റെ അവസാനഘട്ടത്തിൽ ഇന്ത്യ വിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹമുണ്ടോയെന്നതായിരുന്നു അതിലെ പ്രധാനപ്പെട്ട ചോദ്യം. അതിനു ലൂണ നൽകിയ മറുപടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം ആവേശം കൊള്ളിക്കുന്നതായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നാണ് ലൂണ അതിനു മറുപടിയായി പറഞ്ഞത്. “ഒരിക്കലുമില്ല, എന്റെ കരിയർ അവസാനിക്കുന്നത് വരെ ഇവിടെത്തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവിടെയെനിക്ക് എല്ലാം നല്ലതു പോലെ ലഭിക്കുന്നുണ്ട്. എന്റെ കുടുംബവുമൊത്ത് ചിലവഴിക്കാൻ ധാരാളം സമയം, നല്ല പ്രതിഫലം, മികച്ച ആരാധകർ എല്ലാമുണ്ട്. അതുപോലെ ക്ലബ് എന്നെ നന്നായി നോക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവരോടുള്ള നന്ദിയോടു കൂടി തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വന്തം ടീമിന് നൽകുന്ന പിന്തുണയേയും യുറുഗ്വായ് താരം ആത്മാർത്ഥമായ രീതിയിൽ പ്രശംസിക്കുകയുണ്ടായി. “കേരള ബ്ലാസ്റ്റേഴ്‌സിനാണ് ഏറ്റവും മികച്ച രീതിയിൽ ആരാധകരുടെ പിന്തുണ ലഭിക്കുന്നത്. നമ്മൾ മറ്റെവിടേക്ക് പോയാലും ഇതുപോലെയൊരു പിന്തുണ എവിടെ നിന്നും ലഭിക്കില്ലെന്ന കാര്യമുറപ്പാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരാധകക്കൂട്ടമാണ് ഈ ടീമിനുള്ളത്. എനിക്കിനി ഒരു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സുമായുള്ളത്. ഇവിടെത്തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.” ലൂണ പറഞ്ഞു.

ഒരുപാട് ആശങ്കകൾ നിറഞ്ഞ ഒരു ട്രാൻസ്‌ഫർ വിൻഡോ കഴിഞ്ഞതിനു ശേഷമാണ് ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ടീമിന് ആവശ്യമുള്ള താരങ്ങളെ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ആശങ്ക നിലനിൽക്കുമ്പോഴും പ്രീ സീസണിലെ രണ്ടു മത്സരങ്ങളിൽ നേടിയ വിജയം ടീമിന് വളരെയധികം ആത്മവിശ്വാസം നൽകുന്നതാണ്. ലൂണയുടെ കീഴിൽ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയം നേടി തുടങ്ങാമെന്ന പ്രതീക്ഷയിലാണ് കൊമ്പന്മാർ.

Adrian Luna Wants To Finish Career With Kerala Blasters