റൊണാൾഡോ സുവർണാവസരങ്ങൾ തുലച്ചു, ദുർബലരായ സ്‌പാനിഷ്‌ ക്ലബിനോട് വമ്പൻ തോൽവി വഴങ്ങി അൽ നസ്ർ | Al Nassr

പുതിയ സീസണിന് മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരത്തിൽ സ്‌പാനിഷ്‌ ക്ലബായ സെൽറ്റ വിഗോയോട് വമ്പൻ തോൽവിയേറ്റു വാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ. കഴിഞ്ഞ ദിവസം പോർച്ചുഗലിലെ ഫാറോയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ സെൽറ്റ വിഗോയോട് തോൽവിയേറ്റു വാങ്ങിയത്.

ഗോൾരഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷം നിരവധി മാറ്റങ്ങൾ രണ്ടു ടീമുകളും വരുത്തിയിരുന്നു. റൊണാൾഡോ രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല. അൻപത്തിയൊന്നാം മിനുട്ടിൽ അൽ നസ്ർ താരം അൽ അംറിക്ക് ചുവപ്പുകാർഡ് ലഭിച്ചതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അതിനു ശേഷം തുടർച്ചയായ ഗോളുകൾ അടിച്ചു കൂട്ടിയ സെൽറ്റ വീഗൊ എഴുപത്തിനാലാം മിനുട്ടിൽ തന്നെ അഞ്ചു ഗോൾ നേടി. മിഗ്വൽ റോഡ്രിഗസം സ്ട്രാൻഡ് ലാർസനും രണ്ടു ഗോൾ നേടിയപ്പോൾ ഒരു ഗോൾ ഗെയിൽ അലോൻസോയുടെ വകയായിരുന്നു.

മത്സരത്തിൽ മുന്നിലെത്താൻ അൽ നസ്റിന് അവസരമുണ്ടായിരുന്നു. ആദ്യപകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ചൊരു അവസരം താരം തുലച്ചു കളഞ്ഞത് അവിശ്വസനീയതയോടെയാണ് ആരാധകർ കണ്ടത്. അൽ നസ്ർ താരം റൈറ്റ് വിങ്ങിൽ നിന്നും ബോക്‌സിലേക്ക് നൽകിയ ക്രോസിൽ നിന്നും ക്ലോസ് റേഞ്ചിൽ ഫ്രീ ഹെഡറാണ് റൊണാൾഡോ ഉതിർത്തതെങ്കിലും അത് പുറത്തേക്കാണ് പോയത്. അതിനു പുറമെ പന്ത്രണ്ടാം മിനുട്ടിലും താരത്തിന് നല്ലൊരു അവസരം ലഭിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ സ്‌പാനിഷ്‌ ലീഗിൽ പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടീമാണ് സെൽറ്റ വീഗൊ. അൽ നസ്‌റിനെ സംബന്ധിച്ച് മൂന്നാമത്തെ പ്രീ സീസൺ മത്സരമാണ് ഇന്നലെ കഴിഞ്ഞത്. കഴിഞ്ഞ രണ്ടു മത്സരത്തിലും അവർ മികച്ച വിജയം നേടിയിരുന്നു. ആ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനിറങ്ങിയിരുന്നില്ല. ഇനി ബെൻഫിക്ക, പിഎസ്‌ജി, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളുമായി അൽ നസ്റിന് പ്രീ സീസൺ മത്സരം ബാക്കിയുണ്ട്.

Al Nassr Concede Five Goals Against Celta Vigo