മെസിയെ നേരിടാൻ തയ്യാറെടുത്ത് അർജന്റീന താരം, അവിസ്‌മരണീയമായ അനുഭവമായിരിക്കുമെന്ന് താരം | Messi

ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു ശേഷം ലയണൽ മെസി കളിക്കുന്ന ഓരോ മത്സരത്തിലെ വിജയവും ഒരു കിരീടനേട്ടത്തിലേക്കാണ് താരത്തെ അടുപ്പിക്കുന്നത്. നിലവിൽ മൂന്നു മത്സരങ്ങൾ കളിച്ച താരം മൂന്നിലും ഗോൾ നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഈ വിജയങ്ങളോടെ ലീഗ് കപ്പിന്റെ അവസാന പതിനാറിലെത്താൻ ഇന്റർ മിയാമിക്ക് കഴിഞ്ഞു. നാലു വിജയങ്ങൾ കൂടി നേടിയാൽ ഇന്റർ മിയാമിയിൽ ആദ്യത്തെ കിരീടം മെസിക്ക് സ്വന്തമാകും.

ലീഗ് കപ്പിൽ ഇന്റർ മിയാമിയുടെ അടുത്ത മത്സരം എഫ്‌സി ഡള്ളാസിനു എതിരെയാണ്. എംഎൽഎസ് വെസ്റ്റേൺ കോൺഫറൻസിൽ എട്ടാം സ്ഥാനത്തുനിൽക്കുന്ന ടീമാണ് എഫ്‌സി ഡള്ളാസ്. എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അഞ്ചാം സ്ഥാനത്തും ഏഴാം സ്ഥാനത്തും നിൽക്കുന്ന ടീമുകളെ മറികടന്ന് അടുത്ത റൗണ്ടിലെത്തിയ ഇന്റർ മിയാമിക്ക് ഡള്ളാസിനെയും മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയിൽ ഡള്ളാസിന്റെ അർജന്റീന താരം അലൻ വെലാസ്കോ മെസിയെ നേരിടാൻ പോകുന്നതിലെ ആവേശം വെളിപ്പെടുത്തുകയുണ്ടായി.

“ആദ്യമാണ് ഞാൻ ലയണൽ മെസിയെ നേരിട്ട് കാണാൻ പോകുന്നത്, അതൊരു അവിസ്‌മരണീയമായ അനുഭവമായി മാറും. മെസിയുടെ കളി സ്റ്റേഡിയത്തിലിരുന്ന് ഞാൻ കണ്ടിട്ടുണ്ടെങ്കിലും കളിക്കളത്തിൽ ഒരുമിച്ചിട്ടില്ല. മത്സരത്തിൽ മെസിയെ സ്വാധീനിക്കുന്ന എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഫുട്ബോൾ താരം ആഗ്രഹിക്കുന്ന എല്ലാ കഴിവുകളും മെസിക്കുണ്ട്, ഏറ്റവും മികച്ച താരമാവാൻ ആഗ്രഹിച്ച മെസി എല്ലായിപ്പോഴും ഏറ്റവും മികച്ച താരമാണ്.” വെലാസ്കോ പറഞ്ഞു.

അമേരിക്കൻ ലീഗിൽ കളിക്കുന്നതിനാൽ തന്നെ ലാറ്റിനമേരിക്കൻ താരങ്ങളുടെ സാന്നിധ്യം ക്ലബുകളിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ ലയണൽ മെസിക്ക് എതിരാളികളുടെ ഇടയിൽ നിന്നു വലിയ ബഹുമാനം ലഭിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒർലാണ്ടോ സിറ്റി കടുത്ത അടവുകൾ പുറത്തെടുക്കാൻ ഒരു മടിയും കാണിച്ചില്ല. ഇനിയുള്ള മത്സരങ്ങളിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാമെന്നുള്ള ഒരു സൂചന കൂടിയാണ് ആ മത്സരം നൽകിയത്.

Alan Velasco On Facing Messi