ലയണൽ മെസിയാണ് സഹായിച്ചത്, ലോകറെക്കോർഡ് ട്രാൻസ്‌ഫറിനെക്കുറിച്ച് പ്രതികരിച്ച് പെപ് ഗ്വാർഡിയോള | Messi

കഴിഞ്ഞ ദിവസമാണ് ക്രൊയേഷ്യൻ താരമായ ജോസ്കോ ഗ്വാർഡിയോളിനെ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒന്നായി കരുതപ്പെടുന്ന താരത്തെ ലീപ്‌സിഗിൽ നിന്നും 90 മില്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തം ടീമിലെത്തിച്ചത്. ഒരു പ്രതിരോധതാരത്തിനുള്ള ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്‌ഫറെന്ന റെക്കോർഡാണ് ഗ്വാർഡിയോൾ ട്രാൻസ്‌ഫർ നേടിയത്.

അതേസമയം ഗ്വാർഡിയോൾ ട്രാൻസ്‌ഫർ കുറച്ചുകൂടി എളുപ്പമാക്കാൻ ലയണൽ മെസിയുടെ സഹായം തങ്ങൾക്കുണ്ടായെന്നാണ് പെപ് ഗ്വാർഡിയോള മുൻപ് പറഞ്ഞിട്ടുള്ളത്. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി ഗ്വാർഡിയോൾ വിലയിരുത്തപ്പെട്ടിരുന്നു. പിഴവുകളൊന്നും ഇല്ലാതെ ടൂർണമെന്റ് കളിച്ച താരത്തെ പക്ഷെ സെമി ഫൈനലിൽ ലയണൽ മെസി വട്ടം കറക്കി ടൂർണമെന്റിലെ ഏറ്റവും മികച്ച അസിസ്റ്റ് നൽകിയത് ഏവരും കണ്ടിട്ടുള്ളതാണ്. ഇതേക്കുറിച്ചാണ് ഗ്വാർഡിയോള പരാമർശിച്ചത്.

“ലയണൽ മെസിക്കാണ് ഞങ്ങൾ നന്ദി പറയേണ്ടത്, ലോകകപ്പിന് മുൻപ് ഗ്വാർഡിയോൾ കൂടുതൽ മൂല്യമുള്ള താരമായിരുന്നു. എന്നാൽ ലയണൽ മെസി താരത്തിന്റെ ട്രാൻസ്‌ഫർ ഫീസിൽ നിന്നും ഇരുപതു മില്യൺ യൂറോ കുറയാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.” ചിരിയോടെ ഗ്വാർഡിയോള പറഞ്ഞു. അതേസമയം ക്രൊയേഷ്യൻ താരം കൂടിയെത്തുന്നതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധം വളരെ ശക്തമായി മാറുമെന്നതിൽ സംശയമില്ല.

ട്രാൻസ്‌ഫറിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഗ്വാർഡിയോളും മെസിയെക്കുറിച്ച് സംസാരിച്ചിരുന്നു. താൻ മാതൃകയാക്കുന്ന താരം ലയണൽ മെസിയാണെന്നാണ് ക്രൊയേഷ്യൻ താരം പറഞ്ഞത്. എന്നാലിപ്പോൾ കൂടുതലായി പ്രതിരോധ താരങ്ങളെയാണ് ശ്രദ്ധിക്കുന്നതെന്നും അതിൽ ഏറ്റവും മികച്ചത് ലിവർപൂൾ താരമായ വിർജിൽ വാൻ ഡൈക് ആണെന്നും മുൻ ലീപ്‌സിഗ് താരം പറഞ്ഞു.

Pep Says Messi Helped Gvardiol Transfer