“മെസി എതിരാളികൾക്കൊരു മുന്നറിയിപ്പാണ് അതിലൂടെ നൽകിയത്”- ഇന്റർ മിയാമി പരിശീലകൻ പറയുന്നു | Messi

ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ലയണൽ മെസി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർ മിയാമി വിജയം നേടിയെന്നത് താരത്തിന്റെ സാന്നിധ്യം ടീമിന് എത്ര വലിയ മുന്നേറ്റമാണ് ഉണ്ടാക്കി നൽകിയതെന്ന് വ്യക്തമാക്കുന്നു. ലയണൽ മെസിയും വളരെ അനായാസതയോടെ, സന്തോഷവാനായാണ് ഇന്റർ മിയാമിക്കൊപ്പം ഇറങ്ങുന്നത്.

അതേസമയം കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസിയെ കുറച്ച് രോഷാകുലനായാണ് കാണപ്പെട്ടത്. ഒർലാണ്ടോ സിറ്റി താരങ്ങൾ മെസിയെ തടുക്കാൻ കടുത്ത അടവുകൾ പുറത്തെടുത്തപ്പോൾ അതേ രീതിയിൽ തന്നെ അതിനോട് പ്രതികരിക്കുന്ന മെസിയെയാണ് കളിക്കളത്തിൽ കാണാൻ കഴിഞ്ഞത്. ഇന്റർ മിയാമിയിൽ ആദ്യത്തെ മഞ്ഞക്കാർഡ് വാങ്ങിയ താരം മറ്റൊരു ഫൗളിന് ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്‌തു.

എന്നാൽ ലയണൽ മെസിയുടെ മനോഭാവവും താരം മത്സരത്തിൽ നടത്തിയ പ്രകടനവും ഇന്റർ മിയാമിയുടെ എതിരാളികൾക്കൊരു മുന്നറിയിപ്പാണെന്നാണ് പരിശീലകൻ ടാറ്റ മാർട്ടിനോ പറയുന്നത്. “അതിനു മുൻപ് നടന്ന മത്സരങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായാണ് ഓർലാണ്ടോ സിറ്റിക്കെതിരായ മത്സരം നടന്നതെന്നതിൽ സംശയമില്ല. ഒരുപാട് സംഘട്ടനങ്ങൾ ആ മത്സരത്തിൽ ഉണ്ടായിരുന്നു.”

“ആ മത്സരത്തിൽ ഒരുപാട് സൗത്ത് അമേരിക്കൻ താരങ്ങൾ ഉണ്ടായിരുന്നു. അതിനു പുറമെ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ആദരവും അവർ നൽകിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ആ മത്സരത്തിൽ രണ്ടു ടീമുകളും തൊണ്ണൂറു മിനുട്ടും വിജയത്തിന് വേണ്ടിയാണ് കളിച്ചത്. മെസി നടത്തിയ പ്രകടനം താരം അർഹിക്കുന്ന ഒന്നു തന്നെയായിരുന്നു. അതിനൊപ്പം ‘എന്റെ ടീമിവിടെയുണ്ട്, ശ്രദ്ധിച്ചോളൂ’ എന്ന മുന്നറിയിപ്പ് താരം നൽകുന്നുമുണ്ട്.” മാർട്ടിനോ പറഞ്ഞു.

തുടർച്ചയായ മൂന്നു വിജയങ്ങൾ നേടിയതോടെ ലീഗ് കപ്പിന്റെ അവസാന പതിനാറിൽ എത്തി നിൽക്കുകയാണ് ലയണൽ മെസിയും സംഘവും. അടുത്ത മത്സരത്തിൽ എഫ്‌സി ഡള്ളാസിനെയാണ് ഇന്റർ മിയാമി നേരിടുന്നത്. അതിൽ വിജയം നേടി ഇന്റർ മിയാമിക്കൊപ്പം ആദ്യത്തെ കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി വെക്കുകയാവും മെസിയുടെ ലക്‌ഷ്യം.

Messi Warns Inter Miami Opponents Claims Martino