മെസിയുടെ വലിപ്പം എതിർടീം പരിശീലകന് നന്നായി അറിയാം, ഗ്വാർഡിയോളയെ കൂട്ടുപിടിച്ച് ഡള്ളാസ് മാനേജർ | Messi

ഇന്റർ മിയാമിയിൽ നാലാമത്തെ മത്സരം കളിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലയണൽ മെസി. അമേരിക്കയിലെ ജീവിതവും അമേരിക്കൻ ക്ലബിനൊപ്പമുള്ള മത്സരങ്ങളും വളരെയധികം ആസ്വദിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസി ഓരോ മത്സരത്തിലും ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്നു. മൂന്നു മത്സരങ്ങളിൽ കളിച്ച താരം അഞ്ചു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയും ലീഗ് കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് ടീമിനെ നയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പ്രീ ക്വാർട്ടറിൽ എഫ്‌സി ഡള്ളാസാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. ലയണൽ മെസി ആദ്യമായി തങ്ങളുടെ മൈതാനത്ത് കളിക്കാനിരിക്കെ ഒരുക്കങ്ങളെല്ലാം എഫ്‌സി ഡള്ളാസ് ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. മെസിയുടെ മത്സരത്തിനുള്ള ടിക്കറ്റുകൾ മിനുട്ടുകൾ കൊണ്ടാണ് വിറ്റു തീർന്നത്. അതേസമയം മെസിയുടെ സാന്നിധ്യത്തിൽ ഡള്ളാസ് പരിശീലകൻ വളരെ ജാഗരൂകനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

“പെപ് ഗ്വാർഡിയോള നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലയണൽ മെസി ഏതു ടീമിനൊപ്പം കളിക്കുന്നുവോ, അവരാണ് എല്ലായിപ്പോഴും വിജയിക്കാൻ സാധ്യതയുള്ളവർ.” ഡള്ളാസ് പരിശീലകൻ നിക്കോളാസ് എസ്റ്റവസ് പറഞ്ഞു. ലയണൽ മെസിയുടെ മേജർ ലീഗ് സോക്കർ സ്റ്റോറിയിൽ ഞങ്ങൾ വില്ലന്മാരാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുകയുണ്ടായി. മെസിയെ പൂട്ടാൻ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

ലയണൽ മെസി എത്തിയതിനു ശേഷം കളിച്ച മൂന്നു മത്സരങ്ങളും ലീഗ് കപ്പിലായിരുന്നു. ഒരെണ്ണത്തിൽ തോൽവി നേരിട്ടാൽ ടൂർണമെന്റിൽ നിന്നും പുറത്തു പോകുമെന്നിരിക്കെ മൂന്നെണ്ണത്തിലും വിജയം നേടിയാണ് പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് ഇന്റർ മിയാമി എത്തിയിരിക്കുന്നത്. മെസി, ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരുടെ പിൻബലത്തിൽ ആദ്യത്തെ കിരീടം നേടാനാകും ഇന്റർ മിയാമിയുടെ ശ്രമം.

FC Dallas Coach About Facing Lionel Messi