ഏഞ്ചൽ ഡി മരിയ ഈ ക്ലബിന്റെ ഇതിഹാസമാണ്, പ്രഖ്യാപനവുമായി യൂറോപ്പിലെ വമ്പൻമാർ | Di Maria

അർജന്റീനയുടെ ഇതിഹാസങ്ങളുടെ പേരെടുത്തു നോക്കിയാൽ അതിലുണ്ടാകുമെന്നുറപ്പുള്ള പേരാണ് ഏഞ്ചൽ ഡി മരിയ. നിരവധി വർഷങ്ങൾ അർജന്റീന ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തിന് ദൗർഭാഗ്യം കൊണ്ട് ഒരു ലോകകപ്പ് ഫൈനൽ കളിക്കാൻ കഴിഞ്ഞില്ല. എന്നാൽ എട്ടു വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് ഫൈനലിന് ഇറങ്ങാൻ കഴിഞ്ഞപ്പോൾ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തി, ഗോളും നേടി കിരീടം നേടിക്കൊടുക്കാൻ താരത്തിന് കഴിഞ്ഞു.

ലോകകപ്പ് മാത്രമല്ല, അർജന്റീന കഴിഞ്ഞ രണ്ടു വർഷത്തിൽ നേടിയ മൂന്നു കിരീടങ്ങളിലും ഡി മരിയയുടെ പങ്കുണ്ടായിരുന്നു. കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങളാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അർജന്റീനക്കൊപ്പം ഡി മരിയ സ്വന്തമാക്കിയത്. ഈ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ കലാശപ്പോരാട്ടത്തിൽ ടീമിന് വേണ്ടി ഗോൾ നേടുകയെന്ന അസുലഭാവസരവും താരത്തെ തേടിയെത്തി. അതുകൊണ്ടു തന്നെ അർജന്റീനയുടെ ഇതിഹാസമായി എന്നും ഡി മരിയയുണ്ടാകും.

ഏഞ്ചൽ ഡി മരിയയെ ഇതിഹാസമായി മറ്റൊരു ടീം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഡി മരിയ ചാമ്പ്യൻസ് ലീഗ് നേട്ടം സ്വന്തമാക്കിയ ക്ലബായ റയൽ മാഡ്രിഡാണ് താരത്തെ തങ്ങളുടെ ഇതിഹാസമായി പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ക്ലബിന്റെ ഇതിഹാസതാരങ്ങളുടെ കൂടെ ഏഞ്ചൽ ഡി മരിയയുടെ പേരും അവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ റയൽ മാഡ്രിഡിന്റെ ഇതിഹാസമായി മാറിയത് ഡി മരിയക്ക് മറ്റൊരു നേട്ടമാണ്.

റയൽ മാഡ്രിഡിനൊപ്പം 2010 മുതൽ 2014 വരെയുള്ള കാലയളവിലാണ് ഏഞ്ചൽ ഡി മരിയ കളിച്ചിരിക്കുന്നത്. 190 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം മുപ്പത്തിയാറു ഗോളുകൾ നേടുകയും 85 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. ഒരു ലീഗും ഒരു ചാമ്പ്യൻസ് ലീഗുമടക്കം ആറു കിരീടങ്ങൾ റയൽ മാഡ്രിഡിന് വേണ്ടി സ്വന്തമാക്കിയ അർജന്റീന താരം 2014 ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് കൂടിയായിരുന്നു.

Di Maria Included In Real Madrid Legend Section