ഡെംബലെ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ വൈകുന്നതിന്റെ കാരണമിതാണ്, പുതിയ വിവരങ്ങൾ പുറത്ത് | Dembele

ഒസ്മാനെ ഡെംബലെ ബാഴ്‌സലോണ വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സാവി പരിശീലകനായി എത്തിയതോടെ മികച്ച ഫോമിൽ കളിക്കാൻ തുടങ്ങിയ താരം ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്ന് നിരവധി തവണ വ്യക്തമാക്കിയിരുന്നു. എന്നാൽ പിഎസ്‌ജിയുടെ ഓഫർ വന്നതോടെ ബാഴ്‌സലോണയെ വേണ്ടെന്നു വെക്കുകയാണ് ഫ്രഞ്ച് താരം ചെയ്‌തത്‌.

ഡെംബലെ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന കാര്യം എല്ലാ രീതിയിലും സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. ബാഴ്‌സലോണ പരിശീലകൻ സാവി തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. ഡെംബലെ ക്ലബ് വിടുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സാവി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് താരം പിഎസ്‌ജിയിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

ഡെംബലെയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കുറച്ചു ദിവസമായി നടക്കുന്നുണ്ടെങ്കിലും അതിപ്പോഴും പൂർത്തിയാക്കിയിട്ടില്ല. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഡെംബലെ ട്രാൻസ്‌ഫർ വൈകാനുള്ള പ്രധാനപ്പെട്ട കാരണം ബാഴ്‌സലോണ ഇതുമായി ബന്ധപ്പെട്ട പേപ്പർ ജോലികൾ കൃത്യമായി പൂർത്തിയാക്കാത്തതു കൊണ്ടാണ്. അതിനു ശേഷമേ മെഡിക്കൽ നടത്താനാകൂ.

പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ വൈകുന്നത് ട്രാൻസ്‌ഫർ വൈകാനുള്ള കാരണമാകുന്നുണ്ടെങ്കിലും മറ്റൊരു സങ്കീര്ണതയും ട്രാൻസ്‌ഫറിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെംബലെയെ നൽകുന്നതിന് അമ്പതു മില്യൺ യൂറോയാണ് ട്രാൻസ്‌ഫർ ഫീസ്. എന്നാൽ താരവുമായി ഒപ്പുവെച്ച കരാറിലുള്ള ക്ലോസ് പ്രകാരം ഇതിന്റെ പകുതി തുക ഡെംബലെക്ക് തന്നെ ലഭിക്കും.

Reasons Dembele PSG Transfer Delay