അതിമനോഹര ബാക്ക്ഹീൽ ഗോളുമായി അർജന്റീനയുടെ ലോകകപ്പ് ഹീറോ, ക്ലബിനൊപ്പവും അപാരഫോമിൽ

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനായി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് അലക്‌സിസ് മാക് അലിസ്റ്റർ. ലോകകപ്പിനു തൊട്ടു മുൻപ് പരിക്കേറ്റു പുറത്തായ ജിയോവാനി ലോ സെൽസോയുടെ അഭാവം കൃത്യമായി പരിഹരിച്ച് മധ്യനിരയിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ ബെഞ്ചിലായിരുന്ന താരം അടുത്ത മത്സരത്തിൽ സ്റ്റാർട്ട് ചെയ്‌തതിനു ശേഷം പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പോളണ്ടിനെതിരെ അർജന്റീനയുടെ ആദ്യ ഗോൾ നേടിയ താരം ഫൈനലിൽ ഡി മരിയ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

ലോകകപ്പ് നേടിയതിനു ശേഷം ബ്രൈറ്റൻ ടീമിലേക്ക് തിരിച്ചെത്തിയ മാക് അലിസ്റ്റർ തന്റെ മികച്ച പ്രകടനം ക്ലബിനൊപ്പവും തുടരുകയാണ്. കഴിഞ്ഞ ദിവസം എഫ്എ കപ്പിൽ മിഡിൽസ്ബറോക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ താരത്തിന്റെ വകയായിരുന്നു. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയതാണ് മാക് അലിസ്റ്റർ രണ്ടു ഗോളുകൾ നേടിയത്. അതിൽ താരം നേടിയ ആദ്യത്തെ ഗോളാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. മികച്ചൊരു ബാക്ക്ഹീൽ ഫിനിഷിംഗിലൂടെ അലിസ്റ്റർ നേടിയ ഗോൾ എഫ്എ കപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായി പലരും പറയുന്നു.

ബ്രൈറ്റൻ നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ ലോകകപ്പിൽ ഇക്വഡോറിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ പെർവീസ് എസ്‍തുപ്പിനാനു പന്ത് ലഭിച്ചപ്പോൾ അലക്‌സിസ് മാക് അലിസ്റ്റർ ബോക്സിൽ രണ്ടു മിഡിൽസ്ബറോ താരങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. ഇക്വഡോർ താരം നൽകിയ പാസ് നിന്നിടത്തു നിന്നും അനങ്ങാതെ ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ താരം വലയിലാക്കി. മിഡിൽസ്ബറോ താരങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു അതെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് ആ പന്ത് വലക്കകത്തു കയറിയത്.

രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ താരം അമ്പത്തിയെട്ടാം മിനുട്ടിൽ ആദ്യ ഗോൾ നേടിയതിനു ശേഷം പിന്നീട് എൺപതാം മിനുട്ടിൽ മറ്റൊരു ഗോൾ കൂടി നേടി ബ്രൈറ്റണിന്റെ വിജയം മികച്ചതാക്കി. മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയാണ് ബ്രൈറ്റൻ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. പാസ്‌കൽ ഗ്രോസ്, ആദം ലലാന, ഡെനിസ് ഉൻദാവ്‌ എന്നിവരാണ് മത്സരത്തിൽ ബ്രൈറ്റണു വേണ്ടി ഗോൾ നേടിയത്. മിഡിൽസ്ബറോയുടെ ഒരേയൊരു ഗോൾ പതിമൂന്നാം മിനുട്ടിൽ കൂബ അക്പോം ആണു സ്വന്തമാക്കിയത്. വിജയത്തോടെ ബ്രൈറ്റൻ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

ലോകകപ്പിനു ശേഷം ബ്രൈറ്റണു വേണ്ടി രണ്ടാമത്തെ മത്സരമാണ് മാക് അലിസ്റ്റർ കളിക്കുന്നത്. മികച്ച പ്രകടനത്തോടെ ക്ലബിനൊപ്പവും തന്റെ ഫോം തുടരുന്നുവെന്ന് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ഇതോടെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാക് അലിസ്റ്റർക്ക് ആവശ്യക്കാർ വർധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ലോകകപ്പിനു ശേഷം ആഴ്‌സണൽ, യുവന്റസ്, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകളിൾക്ക് താരത്തിൽ താൽപര്യമുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.