റൊണാൾഡോയുടെ വരവ് ലോകകപ്പ് ഹീറോക്ക് പാരയായി, കരാർ റദ്ദ് ചെയ്‌ത്‌ അൽ നസ്ർ

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയെങ്കിലും ടീമിന്റെ താരമായി റൊണാൾഡോയെ രജിസ്റ്റർ ചെയ്യാൻ ഇതുവരെയും കഴിഞ്ഞിരുന്നില്ല. ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്ന വിദേശതാരങ്ങളുടെ എണ്ണം സംബന്ധിച്ച നിബന്ധനയാണ് അതിനു കാരണം. സൗദി ലീഗിലെ ടീമുകളിൽ എട്ടു വിദേശതാരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. അത്രയും വിദേശതാരങ്ങൾ നേരത്തെ ടീമിൽ ഉള്ളതിനാൽ റൊണാൾഡോയെ എങ്ങിനെ രജിസ്റ്റർ ചെയ്യുമെന്ന കാര്യത്തിൽ അൽ നസ്ർ നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു.

എന്നാൽ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്താൻ വേണ്ടി ലോകകപ്പിൽ ഹീറോയായ കാമറൂൺ താരത്തെ അൽ നസ്ർ ടീമിൽ നിന്നും ഒഴിവാക്കിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ കരാർ തന്നെ സൗദി ക്ലബ് റദ്ദാക്കിയിട്ടുണ്ട്. ഇതോടെ ഫ്രീ ഏജന്റായി വിൻസന്റ് അബൂബക്കർ മാറും. താരത്തിന് ഇനി പുതിയ ക്ലബുകൾ തേടേണ്ടി വരും. റൊണാൾഡോയുടെ തന്നെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് മുപ്പതുകാരനായ താരത്തിനു വേണ്ടി രംഗത്തുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.

ലോകകപ്പിൽ കാമറൂണിനായി ഹീറോയായ കളിക്കാരനാണ് അബൂബക്കർ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരത്തിലും ഇറങ്ങിയ താരം സെർബിയക്കെതിരെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. അതിനു ശേഷം ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ കാമറൂണിന്റെ വിജയഗോൾ നേടിയതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അവസാനമിനുട്ടുകളിൽ നേടിയ ആ ഗോളിനു ശേഷം ജേഴ്‌സിയൂരി ആഘോഷം നടത്തിയതിനു താരത്തിന് രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും ലഭിക്കുകയും ചെയ്‌തു.

അൽ നസ്‌റിനായി മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് വിൻസന്റ് അബൂബക്കർ ടീമിൽ നിന്നും പുറത്താക്കപ്പെട്ടതെന്ന പ്രത്യേകതയുണ്ട്. ലോകകപ്പിന് ശേഷം സൗദി ക്ലബിനായി നാല് മത്സരങ്ങൾ കളിച്ച താരം ഓരോന്നിലും ഗോളോ അസിസ്റ്റോ സ്വന്തമാക്കിയിരുന്നു. ലോകകപ്പിനു ശേഷം താരത്തിന്റെ ആത്മവിശ്വാസം വർധിച്ചു എന്നാണു ഇതിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ റൊണാൾഡോയുടെ വരവ് താരത്തിന് പാരയായി.

ടീമിന്റെ താരമായി രജിസ്റ്റർ ചെയ്‌തതോടെ റൊണാൾഡോയുടെ അരങ്ങേറ്റം ജനുവരി 22നു നടക്കുന്ന മത്സരത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ. അൽ ടായ്ക്കെതിരെ നടന്ന മത്സരം നഷ്‌ടമായ റൊണാൾഡോക്ക് അൽ ഷബാബുമായി നടന്ന അടുത്ത മത്സരവും കളിക്കാനാകില്ല. ഇംഗ്ലീഷ് എഫ്എ രണ്ടു മത്സരങ്ങളിൽ ഏർപ്പെടുത്തിയ വിലക്കാണ് ഇതിനു കാരണം. ഇതോടെ അൽ ഏറ്റിഫാകുമായി നടക്കുന്ന മത്സരത്തിലാവും റൊണാൾഡോ കളിക്കുക.