പ്രതിരോധിക്കാൻ മറന്നപ്പോൾ റയൽ മാഡ്രിഡിനു തോൽവി, ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ പന്തു പുറത്തേക്കടിച്ച് വിയ്യാറയൽ

ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഉനെ എമറി ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയതിനു പകരക്കാരനായി എത്തിയ ക്വിക്കെ സെറ്റിയനു കീഴിൽ മികച്ച പ്രകടനം നടത്തിയ വിയ്യാറയൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മത്സരത്തിൽ വിജയം നേടിയത്. രണ്ടാം പകുതിയിൽ മൂന്നു ഗോളുകളും പിറന്ന മത്സരത്തിൽ യെറമി പിനോ വിയ്യാറയലിനെ മുന്നിലെത്തിച്ചതിനു ശേഷം കരിം ബെൻസിമ റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ചെങ്കിലും അറുപത്തിമൂന്നാം മിനുട്ടിൽ ജെറാർഡ് മൊറേനോ വിയ്യാറയലിനായി വിജയഗോൾ നേടുകയായിരുന്നു.

വിയ്യാറയലിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ അവർക്ക് കൃത്യമായ ആധിപത്യം ഉണ്ടായിരുന്നു. മനോഹരമായ ഫുട്ബോൾ കളിച്ച അവർക്ക് ആദ്യപകുതിയിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല. റയലും ലഭിച്ച അവസരങ്ങൾ തുലച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിയ്യാറയൽ മുന്നിലെത്തി. ജെറാർഡ് മൊറേനോയുടെ പാസിൽ നിന്നും യെറമി പിനോയാണ് ആദ്യഗോൾ നേടിയത്. റയൽ മാഡ്രിഡിന്റെ പ്രതിരോധപ്പിഴവാണ്‌ ഗോളിന് വഴിയൊരുക്കിയത്. ജെറാർഡ് മൊറേനോ പാസ് നൽകുന്ന സമയത്ത് പിനോയെ ഒരു റയൽ മാഡ്രിഡ് താരം പോലും മാർക്ക് ചെയ്‌തിരുന്നില്ല. നാല് റയൽ മാഡ്രിഡ് കളിക്കാർ മൊറേനോയെ വളഞ്ഞപ്പോൾ ഒറ്റക്കായിരുന്നു പിനോ അനായാസം ഗോൾ നേടി.

അറുപതാം മിനുട്ടിലാണ് റയൽ മാഡ്രിഡിന്റെ ഗോൾ പിറന്നത്. അർജന്റീന താരം യുവാൻ ഫോയ്ത്തിന്റെ ഹാൻഡ് ബോളിനു റഫറി അനുവദിച്ച പെനാൽറ്റിയിൽ നിന്നും കരിം ബെൻസിമാ വല കുലുക്കി. എന്നാൽ മൂന്നു മിനുട്ടിനകം തന്നെ വിയ്യാറയൽ തങ്ങളുടെ ലീഡ് വീണ്ടെടുത്തു. ഡേവിഡ് അലബ ബോക്‌സിനുള്ളിൽ നടത്തിയ ഫൗളിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത മൊറേനോ അത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.

അവസാന മിനുട്ടിൽ ലീഡ് വർധിപ്പിക്കാൻ വിയ്യാറയലിനു ഒരു സുവർണാവസരം ഉണ്ടായിരുന്നു. ഒരു സെറ്റ് പീസിനായി റയൽ മാഡ്രിഡ് ഗോൾകീപ്പർ ക്വാർട്ട്‌വ അടക്കം വിയ്യാറയൽ ബോക്‌സിലേക്ക് വന്ന സമയത്ത് അവർക്ക് ഒരു പ്രത്യാക്രമണത്തിനു അവസരമുണ്ടായിരുന്നു. പന്തുമായി ഡാജുമ കുതിക്കുമ്പോൾ റയൽ മാഡ്രിഡ് ബോക്‌സിനു മുന്നിൽ ആരുമുണ്ടായിരുന്നില്ല. ബോക്‌സിനു പുറത്തു നിന്നും താരം പന്ത് വലയിലെത്തിക്കാൻ നോക്കിയെങ്കിലും അത് പുറത്തേയ്ക്കാണ് പോയത്. ആ മിസ് കണ്ട വിയ്യറായാൽ പരിശീലകൻ സെറ്റിയൻ തലയിൽ കൈവെച്ചു പോയി.

മത്സരത്തിൽ റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതോടെ ബാഴ്‌സലോണയ്ക്ക് ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിക്കാൻ അവസരമുണ്ട്. നിലവിൽ രണ്ടു ടീമുകൾക്കും ഒരേ പോയിന്റാണുള്ളത്. എന്നാൽ റയൽ മാഡ്രിഡിനെക്കാൾ ബാഴ്‌സലോണ ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത്. എന്നാൽ ബാഴ്‌സലോണയ്ക്ക് ഇനി നേരിടാനുള്ള ടീം അത്ലറ്റികോ മാഡ്രിഡാണ്. അത്ലറ്റികോയുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടുക ബാഴ്‌സയെ സംബന്ധിച്ച് കുറച്ച് കടുപ്പമാകും.