പ്രധാന മത്സരങ്ങളിൽ പുറത്തിരിക്കാൻ കഴിയില്ലെന്ന് അൽവാരസ്, മറുപടിയുമായി പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന താരമായ ഹൂലിയൻ അൽവാരസ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെയാണ് താരം മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വന്നത്.

വളരെ മികച്ച സ്‌ട്രൈക്കറാണെങ്കിലും ക്ലബിൽ ആ പൊസിഷനിൽ എർലിങ് ഹാലൻഡിനു പിന്നിലാണ് അൽവാരസിന്റെ സ്ഥാനം. അവസരങ്ങൾ ലഭിക്കാറുണ്ടെങ്കിലും പലപ്പോഴും പ്രധാന മത്സരങ്ങളിൽ പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ കാരണം താരത്തിന് പുറത്തിരിക്കേണ്ടി വരാറുണ്ട്. ഇത് തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അൽവാരസ് പറഞ്ഞിരുന്നു.

“കഴിഞ്ഞ സീസണിൽ ടീമിൽ ഏറ്റവുമധികം മിനുട്ടുകൾ ലഭിച്ച താരം ഞാനാണെന്നതു ശരിയാണ്. എന്നാൽ അങ്ങിനെയാണെങ്കിലും പ്രധാന മത്സരങ്ങളിൽ പുറത്തിരിക്കാൻ ആരും ആഗ്രഹിക്കില്ല, ടീമിന് സംഭാവന നൽകാനാണ് ആഗ്രഹിക്കുക. ഞാൻ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നുണ്ട്, ഒളിമ്പിക്‌സിന് ശേഷം എന്താണ് വേണ്ടതെന്നു ഞാൻ തീരുമാനിക്കും. എന്ത് സംഭവിക്കുമെന്ന് നോക്കാം.” അൽവാരസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതിനു പെപ് ഗ്വാർഡിയോള മറുപടിയും നൽകി. അൽവാരസിനു തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെങ്കിൽ ചിന്തിക്കട്ടെയെന്നും അതിനു ശേഷം അത് പറയട്ടെയെന്നുമാണ് പെപ് ഗ്വാർഡിയോള പറഞ്ഞത്. തന്റെ ടീമിലെ എല്ലാവർക്കും കൂടുതൽ സമയം കളിക്കണമെന്ന ആഗ്രഹം ഉണ്ടാകുമെന്നും താരത്തിന് വേണ്ട തീരുമാനം എടുക്കാമെന്നുമാണ് ഗ്വാർഡിയോള പറഞ്ഞത്.

അൽവാരസ് ക്ലബ് വിടാനുള്ള തീരുമാനം എടുത്താൽ താരത്തെ നിർബന്ധിച്ച് ടീമിനൊപ്പം നിർത്തില്ലെന്നതിന്റെ വ്യക്തമായ സൂചനകളാണ് പെപ് ഗ്വാർഡിയോള നൽകുന്നത്. മാഞ്ചസ്റ്റർ സിറ്റി വിടാൻ തീരുമാനിച്ചാൽ അൽവാരസ് ചേക്കേറാൻ സാധ്യതയുള്ള ക്ലബ് അത്ലറ്റികോ മാഡ്രിഡാണ്. മറ്റു ക്ലബുകളും താരത്തിനായി രംഗത്തു വരാനുള്ള സാധ്യതയുണ്ട്.