ബ്രസീൽ പകരം വീട്ടാനുറപ്പിച്ചു തന്നെ, കോപ്പ അമേരിക്ക കിരീടം നിലനിർത്താമെന്ന് അർജന്റീന മോഹിക്കണ്ട | Brazil

നിരവധി വർഷങ്ങളായി കിരീടമില്ലാതെ നിന്നിരുന്ന അർജന്റീന ടീം 2021 കോപ്പ അമേരിക്ക നേടിയതോടെ ഒരു ജൈത്രയാത്രക്കാണ് തുടക്കമിട്ടത്. അതിനു ശേഷം ഫൈനലിസിമയും ലോകകപ്പും നേടിയ ടീം ഇപ്പോൾ ലോകത്തിന്റെ നിറുകയിലാണ്. ബ്രസീലിൽ വെച്ച് നടന്ന കോപ്പ അമേരിക്കയിൽ ബ്രസീലിനെ തന്നെ കീഴടക്കി കിരീടം നേടിയത് അർജന്റീന ടീമിന്റെ ആത്മവിശ്വാസം വളരെയധികം വർധിപ്പിച്ചുവെന്നതിൽ സംശയമില്ല.

ഒരു വർഷം കഴിഞ്ഞാൽ അടുത്ത കോപ്പ അമേരിക്ക നടക്കാനിരിക്കെ അതിനു പകരം ചോദിക്കാൻ തന്നെയാണ് ബ്രസീൽ ഉദ്ദേശിക്കുന്നത്. പരിശീലകസ്ഥാനത്തേക്കുള്ള തങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു കാർലോ ആൻസലോട്ടി കോപ്പ അമേരിക്കക്ക് മുന്നോടിയായി ബ്രസീൽ ടീമിലെത്തുമെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. റയൽ മാഡ്രിഡ് കരാർ അവസാനിച്ചതിനു ശേഷമാണ് ആൻസലോട്ടി ബ്രസീൽ ദേശീയ ടീമിലെത്തുക.

ആൻസലോട്ടി എത്തുന്നത് വരെ ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാനുള്ള മാനേജർ ആരാണെന്നും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസ് മാനേജരായ ഫെർണാണ്ടോ ഡിനിസിനെയാണ് ബ്രസീൽ കോപ്പ അമേരിക്ക വരെ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഫ്ലുമിനൻസിനെ പരിശീലിപ്പിക്കുന്നതിന്റെ കൂടെത്തന്നെ അദ്ദേഹം ബ്രസീൽ ടീമിനെയും പരിശീലിപ്പിക്കും.

കാർലോ ആൻസലോട്ടി പരിശീലകനായി എത്തുന്നതോടെ ബ്രസീലിന്റെ സുവർണകാലഘട്ടം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലബ് തലത്തിൽ അപാരമായ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം ആദ്യമാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ പോകുന്നത്. അതുകൊണ്ടു തന്നെ അർജന്റീനയുടെ ആധിപത്യം അവസാനിപ്പിച്ച് ലോകഫുട്ബോളിന്റെ ഉയരങ്ങളിൽ ബ്രസീലിനെ പ്രതിഷ്ഠിക്കാൻ തന്നെയാവും ആൻസലോട്ടി ശ്രമിക്കുക.

Ancelotti Become Brazil Coach in Next June