ഇന്ത്യൻ പതാകയ്ക്കു പകരം മറ്റൊരു പതാകയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം, കാര്യമറിഞ്ഞപ്പോൾ കയ്യടിയുമായി ആരാധകർ | Jeakson Singh

സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിജയം നേടിയത് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കുള്ള സമ്മാനമായിരുന്നു. സ്റ്റേഡിയത്തിൽ എത്തിയ പതിനായിരക്കണക്കിന് ആരാധകർക്കും മത്സരം കണ്ട ലക്ഷക്കണക്കിന് പേർക്കും സംതൃപ്‌തി നൽകുന്ന പ്രകടനമാണ് ഇന്ത്യൻ ഫുട്ബോൾ ടീം കാഴ്‌ച വെച്ചത്. 2023 പിറന്നതിനു ശേഷം ഇന്ത്യ നേടുന്ന മൂന്നാമത്തെ കിരീടമാണ് സാഫ് ചാമ്പ്യൻഷിപ്പ്.

മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു സംഭവം ഇന്ത്യൻ ടീമിലെ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജീക്സൺ സിങ് പുതച്ചിരുന്ന പതാകയാണ്. സാധാരണ വിജയം ആഘോഷിക്കുമ്പോൾ ഇന്ത്യൻ പതാകയാണ് താരങ്ങൾ പുതക്കാറുള്ളതെങ്കിലും ബഹുവർണത്തിലുള്ള പതാകയാണ് ജീക്സന്റെ കയ്യിൽ ഉണ്ടായിരുന്നത്. അതിന്റെ കാരണം താരം തന്നെ പിന്നീട് വെളിപ്പെടുത്തുകയും ചെയ്‌തു.

മണിപ്പൂർ സ്വദേശിയായ ജീക്സൺ സിങ് മണിപ്പൂരിന്റെ പതാകയാണ് പുതച്ചിരുന്നത്. രണ്ടു മാസത്തോളമായി മണിപ്പൂരിൽ രണ്ടു വിഭാഗങ്ങളുടെ ഇടയിൽ വലിയ രീതിയിലുള്ള സംഘർഷം നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴും അത് അവസാനിച്ചിട്ടില്ലെന്നതു കൊണ്ട് അധികാരികളുടെയും ആരാധകരുടെയും ശ്രദ്ധ അതിലേക്ക് കൊണ്ടു വരുന്നതിനു വേണ്ടിയാണ് താരം മണിപ്പൂർ പതാക പുതച്ചത്.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് താരം തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു. ജീക്സൺ സിംഗിന്റെ പ്രതികരണത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത്തരത്തിലുള്ള വേദിയിലൂടെ അത് വീണ്ടും ആളുകളിലേക്ക് എത്തിക്കാൻ താരം കാണിച്ച ആർജ്ജവത്തെയും ആളുകൾ അഭിനന്ദിക്കുന്നു.

Jeakson Singh Opens Up About The Flag He Carrying