പണക്കൊഴുപ്പിൽ വീഴാതെ സൗദിയുടെ വമ്പൻ ഓഫർ നിരസിച്ച് ഡിബാല, താരത്തെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ് രംഗത്ത് | Dybala

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ റോമക്ക് വേണ്ടി മികച്ച പ്രകടനമാണ് അർജന്റീന താരമായ ഡിബാല നടത്തിയത്. റോമയെ യൂറോപ്പ ലീഗ് ഫൈനലിൽ എത്തിക്കാനും ലീഗിൽ മുന്നേറ്റമുണ്ടാക്കാനും താരത്തിന്റെ പ്രകടനം സഹായിച്ചു. അതിനു പുറമെ അർജന്റീന ടീമിന്റെ ലോകകപ്പ് നേട്ടത്തിലും നിർണായകമായ പങ്ക് വഹിക്കാൻ മുൻ യുവന്റസ് താരത്തിന് കഴിഞ്ഞു.

റോമയുമായി കരാർ ഇനിയും ബാക്കിയുണ്ടെങ്കിലും നിലവിൽ ഡിബാലയുടെ റിലീസിംഗ് ക്ലോസ് വളരെ കുറഞ്ഞ തുകയാണെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ സമ്മതം ലഭിച്ചാൽ പന്ത്രണ്ടു മില്യൺ യൂറോ നൽകി ഏതു ടീമിനും ഡിബാലയെ സ്വന്തമാക്കാൻ കഴിയും. ഈ സാഹചര്യം മുതലെടുത്ത് സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ താരത്തിനായി ശ്രമം നടത്തിയെങ്കിലും ഡിബാല അത് നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്ക് ദിബാലയെ സ്വന്തമാക്കൻ താത്പര്യമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന്റെ റിലീസിംഗ് ക്ലോസ് നൽകി ടീമിൽ എത്തിക്കാനാണ് ചെൽസി ശ്രമിക്കുന്നത്. ചെൽസിയുടെ ചുമതല ഏറ്റെടുത്ത അർജന്റൈൻ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോക്ക് ഡിബാലയെ സ്വന്തമാക്കാൻ പ്രത്യേക താൽപര്യമുണ്ട്.

പണത്തിനല്ല താൻ മുൻഗണന നൽകുന്നതെന്ന് അൽ ഹിലാലിന്റെ ഓഫർ നിരസിച്ചതിലൂടെ ഡിബാല വ്യക്തമാക്കുന്നുണ്ട്. യൂറോപ്യൻ ഫുട്ബോളിൽ തുടർന്ന് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങളിൽ കളിക്കാനാണ് താരം ആഗ്രഹിക്കുന്നത്. ചെൽസിക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഇല്ല എന്നതിനാൽ അർജന്റീന താരത്തെ ടീമിലെത്തിക്കാൻ സമ്മതിപ്പിക്കാൻ പ്രയാസമായിരിക്കും.

Chelsea Want To Sign Paulo Dybala