ഇനിയൊരു മെസി ഉണ്ടാകില്ല, ഇന്ത്യൻ ടീമിന്റെ വളർച്ചക്കു ചെയ്യേണ്ടതെന്തെന്നു പറഞ്ഞ് എമിലിയാനോ മാർട്ടിനസ് | Emiliano Martinez

അർജന്റീനയുടെ ഹീറോയായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയിരുന്നു. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ ആരാധകരെ കാണാൻ വേണ്ടി കൊൽക്കത്തയിൽ എത്തിയ താരത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ആരാധകരുമായി മുപ്പതുകാരനായ താരം സംവദിക്കുകയും ചെയ്‌തു.

ലയണൽ മെസിയെപ്പോലൊരു താരം ഇനിയുണ്ടാകുമോയെന്ന ചോദ്യത്തിന് എമിലിയാനോയുടെ മറുപടി ഇങ്ങിനെയായിരുന്നു. “ലയണൽ മെസി എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. ലയണൽ മെസിയെപ്പോലൊരു താരം ഭാവിയിൽ ഉണ്ടാകില്ല, താരത്തിനൊപ്പമെത്താൻ വളരെ ബുദ്ധിമുട്ടാണ്.” മാർട്ടിനസ് പറഞ്ഞു. ആരാധകർ വലിയ ആരവത്തോടെയാണ് അതിനെ സ്വീകരിച്ചത്.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കു വേണ്ടി യൂറോപ്യൻ പരിശീലകരെ എത്തിക്കുകയാണ് വേണ്ടതെന്നാണ് എമിലിയാനോ മാർട്ടിനസ് നൽകിയ നിർദ്ദേശം. യൂറോപ്യൻ പരിശീലകരെ കൊണ്ടുവരുന്ന തരത്തിൽ നിക്ഷേപം നടത്തി ചെറിയ പ്രായത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പരിശീലനം നൽകി ഇന്ത്യൻ ഫുട്ബോളിന് വളർന്നു വരാൻ കഴിയുമെന്നാണ് മാർട്ടിനസ് പറയുന്നത്. ഇന്ത്യൻ ആരാധകർ അർജന്റീന ആരാധകരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോൾപോസ്റ്റിനു മുന്നിൽ നിൽക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് താനെന്ന തോന്നലുണ്ടെന്നും അതുകൊണ്ടു കൂടിയാണ് അർജന്റീന ടീമിനൊപ്പം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കാൻ കഴിഞ്ഞതെന്നും എമിലിയാനോ മാർട്ടിനസ് പറഞ്ഞു. കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവ സ്വന്തമാക്കിയ തനിക്ക് ഇനി സാധ്യമായ എല്ലാ കിരീടങ്ങളും നേടണമെന്നും മാർട്ടിനസ് പറഞ്ഞു.

Emiliano Martinez About Messi And Indian Football