ഇന്റർ മിയാമി ഒരുങ്ങുന്നത് പഴയ ബാഴ്‌സലോണയെ പുനർനിർമിക്കാൻ, ലയണൽ മെസിക്ക് കൂട്ടായി ഇനിയേസ്റ്റയെ എത്തിക്കാൻ നീക്കം | Iniesta

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഉടനെ അതുണ്ടാവും. മെസി ചേക്കേറിയതിനു പിന്നാലെ യൂറോപ്പിൽ നിന്നുള്ള മറ്റുള്ള താരങ്ങളും ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. മുൻ ബാഴ്‌സലോണ താരങ്ങളായ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവർക്കൊപ്പം മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിനെ ടീമിലെത്തിക്കാനും അവർക്ക് പദ്ധതിയുണ്ട്.

അതിനിടയിൽ ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്തൊരു സൈനിങ്ങ് കൂടി ഇന്റർ മിയാമി ഉന്നം വെക്കുന്നുണ്ട് എന്നാണു ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലയണൽ മെസിക്കൊപ്പം നിരവധി വർഷങ്ങൾ ബാഴ്‌സലോണയിൽ കളിച്ച മധ്യനിര താരമായ ആന്ദ്രേ ഇനിയേസ്റ്റയെയാണ് ഇന്റർ മിയാമി ലക്ഷ്യമിടുന്നത്. താരത്തിനായി ഓഫർ നൽകിയെന്നാണ് ആർഎസി വൺ റിപ്പോർട്ടു ചെയ്യുന്നത്.

ബാഴ്‌സലോണ വിട്ടതിനു ശേഷം ജപ്പാനിലേക്ക് ചേക്കേറിയ ആന്ദ്രേ ഇനിയേസ്റ്റ വിസൽ കോബെ ക്ലബിലാണ് കളിച്ചു കൊണ്ടിരുന്നത്. അഞ്ചു വർഷം അവിടെ ഉണ്ടായിരുന്ന ഇനിയേസ്റ്റ ക്ലബിനോട് അടുത്തിടെ വിട പറഞ്ഞിരുന്നു. എന്നാൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ താരത്തിന് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടാണ് 39 വയസുള്ള താരത്തെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമിക്കുന്നത്.

ഇന്റർ മിയാമിക്ക് പുറമെ സൗദി അറേബ്യൻ ക്ലബുകളിൽ നിന്നും ഇനിയേസ്റ്റക്ക് ഓഫറുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തായാലും താരം ഇന്റർ മിയാമിയിൽ എത്തിയാൽ ബാഴ്‌സലോണ താരങ്ങളുടെ ഒരു കൂടിച്ചേരലാകും അവിടെ നടക്കുക. അതിനൊപ്പം സെർജിയോ റാമോസ് കൂടി ചേർന്നാൽ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇന്റർ മിയാമിക്ക് കഴിയും.

Iniesta Receive Offer From Inter Miami