ഇന്ത്യയിൽ കളിക്കാൻ ലയണൽ മെസിയെ കൊണ്ടുവരും, ആരാധകർക്ക് ഉറപ്പു നൽകി എമിലിയാനോ മാർട്ടിനസ് | Messi

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന സ്വന്തമാക്കിയ മൂന്നു കിരീടങ്ങളിലും നിർണായക പങ്കു വഹിച്ച ഗോൾകീപ്പർ എമിലിയാണോ മാർട്ടിനസ് കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ചിരുന്നു. കൊൽക്കത്തയിലേക്കാണ് എമിലിയാനോ മാർട്ടിനസ് എത്തിയത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഇന്ത്യയിൽ നിന്നുള്ള ആരാധകർ നൽകിയ അളവറ്റ പിന്തുണ എമിലിയാനോ മാർട്ടിനസിന്റെ സന്ദർശനത്തിന് കാരണമായിട്ടുണ്ട്.

കൊൽക്കത്തയിൽ എത്തിയതിനു ശേഷം ആരാധകരെ അഭിസംബോധന ചെയ്‌തു സംസാരിക്കുമ്പോൾ വലിയൊരു വാഗ്‌ദാനം അർജന്റീന ഗോൾകീപ്പർ നൽകിയിട്ടുണ്ട്. ലയണൽ മെസിയെയും അർജന്റീന ടീമിനെയും ഇന്ത്യയിൽ കൊണ്ട് വന്നു കളിപ്പിക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. താരത്തെ കാണാനെത്തിയ ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു ആ വാക്കുകൾ.

“ഇവിടെയെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ഇവിടേക്ക് വരികയെന്നത് എന്റെയൊരു വലിയ സ്വപ്‌നം കൂടിയായിരുന്നു. തെരുവുകളിലൂടെ നടക്കുമ്പോഴും കാറിൽ പോകുന്ന സമയത്ത് പുറത്തുള്ള കാഴ്‌ചകൾ കാണുമ്പോഴും ഈ രാജ്യം മനോഹരമാണെന്ന് മനസിലാക്കി. ഇതിവിടെ അവസാനിച്ചിട്ടില്ല, എനിക്ക് ലയണൽ മെസിയെ ഇന്ത്യയിൽ കളിക്കാൻ കൊണ്ടുവരണം.” മാർട്ടിനസ് പറഞ്ഞു.

ലയണൽ മെസിയും അർജന്റീനയും ജൂണിൽ തന്നെ ഇന്ത്യയിൽ കളിക്കുന്നതിനായി എത്തേണ്ടതായിരുന്നു. ഇന്ത്യയിൽ മത്സരം നടത്താനുള്ള താൽപര്യം അവർ പ്രകടിപ്പിച്ചെങ്കിലും വലിയ തുക മുടക്കാൻ കഴിയില്ല എന്നതിനാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിനു തയ്യാറായില്ല. ഇതേതുടർന്ന് വലിയ വിമർശനം അവർക്കെതിരെ ഉണ്ടാവുകയും ചെയ്‌തിരുന്നു.

Emiliano Martinez Wants To Bring Messi To India