മുൻ നിലപാട് മാറ്റി കാർലോ ആൻസലോട്ടി, ബ്രസീലിയൻ ആരാധകർ കാത്തിരിക്കുന്നതും ഈ വാക്കുകൾക്കു വേണ്ടിയാണ് | Brazil

കാർലോ ആൻസലോട്ടി ഈ സീസണിനു ശേഷം ബ്രസീൽ ടീമിന്റെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. 2002നു ശേഷം ഒരു ലോകകപ്പ് പോലും സ്വന്തമാക്കാൻ കഴിയാത്ത ബ്രസീൽ അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരെ എത്തിക്കാൻ നോക്കുമ്പോൾ അതിൽ ആദ്യത്തെ പേരാണ് ഇറ്റാലിയൻ പരിശീലകന്റേത്.

ബ്രസീൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രതികരണമാണ് ഇതേപ്പറ്റി ആൻസലോട്ടി ഇന്നു നടത്തിയത്. ബ്രസീൽ ദേശീയ ടീമിന് പരിശീലകസ്ഥാനത്തേക്കു തന്നെ വേണമെന്നത് ഒരു യാഥാർത്ഥ്യമാണെന്നും അതു തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നുമാണ് ആൻസലോട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതിനൊപ്പം റയൽ മാഡ്രിഡിനെ താൻ വളരെ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുൻപ് റയൽ മാഡ്രിഡിലെ ഈ കാലയളവ് അവസാനിക്കുമ്പോൾ റിട്ടയർ ചെയ്യുമെന്ന് ആൻസലോട്ടി പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അതിനുള്ള സാധ്യതകൾ അദ്ദേഹം തള്ളിയത് ബ്രസീൽ ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. റയൽ മാഡ്രിഡിനൊപ്പമുള്ള കോണ്ട്രാക്റ്റ് മുഴുവനാക്കണം എന്നാണ് ആഗ്രഹമെന്ന് ആൻസലോട്ടി പറഞ്ഞെങ്കിലും അദ്ദേഹം ബ്രസീലിനെ തിരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷ.

ഈ സീസണിൽ റയൽ മാഡ്രിഡ് അത്ര മികച്ച ഫോമിലല്ല. ലീഗ് കിരീടം ഏറെക്കുറെ കൈവിട്ട അവസ്ഥയിൽ നിൽക്കുന്ന അവർക്ക് കോപ്പ ഡെൽ റേയിലും കിരീടസാധ്യത കുറവാണ്. ചാമ്പ്യൻസ് ലീഗിലും കിരീടം നേടിയില്ലെങ്കിൽ ആൻസലോട്ടി റയൽ മാഡ്രിഡിന്റെ പടിയിറങ്ങും. അങ്ങിനെയാണെങ്കിൽ അദ്ദേഹം എത്തുക ബ്രസീലിലേക്കു തന്നെയാകും.

Content Highlights: Carlo Ancelotti Responds To Brazil Rumours