ഈ കോട്ട പൊളിക്കാനിത്തിരി ബുദ്ധിമുട്ടാണ്, വീണ്ടും അതിഗംഭീര പ്രകടനവുമായി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

ഖത്തർ ലോകകപ്പിൽ വിജയം നേടിയതിനു ശേഷമുണ്ടായ പ്രവൃത്തികളുടെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് എമിലിയാനോ മാർട്ടിനസ്. എംബാപ്പയെ കളിയാക്കിയതടക്കമുള്ള തന്റെ പ്രവൃത്തികളിൽ താരം പിന്നീടു ക്ഷമാപണം നടത്തിയെങ്കിലും വിമർശനങ്ങൾ തുടർന്നു. എമിലിയാനോ മാർട്ടിനസ് ക്ലബ് തലത്തിലുള്ള മത്സരങ്ങളിൽ മോശം പ്രകടനം നടത്തുമ്പോഴാണ് ഈ വിമർശനങ്ങൾ ശക്തമാകാറുള്ളത്.

ആഴ്സനലിനെതിരെ ആസ്റ്റൺ വില്ല നാലു ഗോളുകൾ വഴങ്ങിയ മത്സരത്തിൽ വരുത്തിയ പിഴവുകൾ കാരണം രൂക്ഷമായ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരം പക്ഷേ അതിനു ശേഷം ഉജ്ജ്വല ഫോമിലാണ് കളിച്ചത്. ഇന്നലെ ചെൽസിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് ബോക്സിനു മുന്നിൽ കോട്ട കെട്ടിയ എമിലിയാനോ മാർട്ടിനസിന്റെ സാന്നിധ്യമായിരുന്നു.

മത്സരത്തിൽ ആസ്റ്റൺ വില്ല ക്ലീൻ ഷീറ്റ് നേടിയപ്പോൾ ഏഴു സേവുകളാണ് എമിലിയാനോ മാർട്ടിനസ് നടത്തിയത്. അതിൽ ആറു സേവുകളും ബോക്സിന്റെ ഉള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. ആറു റിക്കവറികളും നടത്തിയ താരത്തിനാണ് ഏറ്റവുമധികം റേറ്റിംഗ് മത്സരത്തിൽ ലഭിച്ചത്. ക്ലബിനും രാജ്യത്തിനുമായുള്ള കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ആറാമത്തെ ക്ലീൻ ഷീറ്റാണ് താരം സ്വന്തമാക്കുന്നതെന്നു കൂടിയുണ്ട്. ഇതോടെ ആസ്റ്റൺ വില്ലക്കായി ആദ്യത്തെ നൂറു മത്സരങ്ങളിൽ ഏറ്റവുമധികം ക്ലീൻഷീറ്റെന്ന റെക്കോർഡും താരം സ്വന്തമാക്കി.

അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള എമിലിയാനോ താനൊരു ലോകോത്തര ഗോളിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അടുത്ത സമ്മറിൽ താരത്തിന് ആവശ്യക്കാർ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പോരാടണമെന്ന ആഗ്രഹം എമിലിയാനോക്കുണ്ടെങ്കിലും ആസ്റ്റൺ വില്ല മികച്ച ഫോമിൽ കളിക്കുമ്പോൾ താരം ക്ലബ് വിടാൻ തയ്യാറായേക്കില്ല.

Content Highlights: Emiliano Martinez Shines In Aston Villa’s Win Against Chelsea